മുന്നറിയിപ്പുകള്‍ അവഗണിച്ച് വാദികളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ നടപടി: റോയല്‍ ഒമാന്‍ പൊലീസ്

  • 27/06/2022



മസ്കത്ത്:∙ മുന്നറിയിപ്പുകള്‍ അവഗണിച്ച് വാദികളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി റോയല്‍ ഒമാന്‍ പൊലീസ്. ദാഹിറ ഗവര്‍ണറേറ്റില്‍ വാഹനവുമായി വാദി മുറിച്ച് കടക്കാന്‍ ശ്രമിച്ച സ്വദേശി പൗരനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

കനത്ത മഴയില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന വാദികള്‍ മുറിച്ച് കടക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. വാദികള്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കരുതെന്നും വാദികള്‍ക്ക് സമീപം ഇരിക്കുന്നത് ഒഴിവാക്കണമെന്നും വാഹനങ്ങള്‍ വാദികളിലൂടെ ഓടിക്കുകയോ വാദികളില്‍ പാര്‍ക്ക് ചെയ്യാനോ പാടില്ലെന്നും സിവില്‍ ഡിഫന്‍സ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നു.

വാദികളില്‍ കുട്ടികളെ നിരീക്ഷിക്കണമെന്നും ഇത്തരം സ്ഥലങ്ങളിലേക്ക് ഒറ്റയ്ക്ക് വിടരുതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ നിരവധിപേരാണ് വാദി മുറിച്ചു കടക്കുകയും മറ്റും ചെയ്യുന്നത്.

ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 49 പ്രകാരം വാദി മുറിച്ചുകടക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. തന്റെയോ മറ്റുള്ളവരുടെയോ ജീവനോ അപകടമുണ്ടാക്കുന്ന തരത്തില്‍ മനഃപൂര്‍വ്വം വാദികള്‍ മുറിച്ചുകടക്കുകയാണെങ്കില്‍ മൂന്നു മാസത്തില്‍ കൂടാത്ത തടവും 500 റിയാല്‍വരെ പിഴയും ലഭിച്ചേക്കും.

Related News