ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

  • 29/06/2022

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ഓഗസ്റ്റ് ആറിന്. അടുത്തമാസം അഞ്ചിന് വിജ്ഞാപനം പുറത്തിറക്കും. ജൂലൈ 19 വരെ നാമനിര്‍ദേശം സമര്‍പ്പിക്കാം. 20 നു സൂക്ഷ്മപരിശോധന നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 22 ആണ്. 

ഇതേ ദിവസം തന്നെ വോട്ടെണ്ണലും നടക്കും. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10 വരെയാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം, രാഷ്ട്രപതി കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പദവി ഉപരാഷ്ട്രപതിയാണ്. രാജ്യസഭയുടെ ചെയര്‍മാനും ഉപരാഷ്ട്രപതിയാണ്. പാര്‍ലമെന്റിലെ ഇരുസഭകളിലെയും നോമിനേറ്റഡ് അംഗങ്ങള്‍ ഒഴികെ 788 എംപിമാരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. നിലവില്‍ 400 എംപിമാര്‍ ബിജെപിക്ക് ഉള്ളതിനാല്‍ മറ്റ് കക്ഷികളുടെ സഹായം തേടാതെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാകും.

ഇന്ത്യന്‍ ഭരണഘടനയുടെ 63 -ാം അനുച്ഛേദ പ്രകാരമാണ് ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്. ഇന്ത്യന്‍ പൗരനായിരിക്കണം, 35 വയസ് പ്രായമുണ്ടായിരിക്കണം, രാജ്യസഭാ അംഗം ആകുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം, ഇന്ത്യ ഗവണ്‍മെന്റിലോ, സംസ്ഥാന സര്‍ക്കാരിലോ, തദ്ദേശ സ്ഥാപനങ്ങളിലോ ലാഭദായകമായ പദവികള്‍ വഹിക്കുവാന്‍ പാടില്ല എന്നിങ്ങനെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതകള്‍. അതേസമയം കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അടക്കമുള്ളവരുടെ പേരുകള്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് ബിജെപി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Related News