ഷിന്‍ഡേക്ക് ഉപമുഖ്യമന്ത്രിസ്ഥാനം: ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും

  • 30/06/2022

മുംബൈ: ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതോടെ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമം ഊര്‍ജ്ജിതമായി. നിലവിലെ പ്രതിപക്ഷ നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫട്‌നവിസ് വീണ്ടും മുഖ്യമന്ത്രിയായേക്കും. ഉദ്ദവ് താക്കറെയുടെ മുന്‍ വിശ്വസ്തനും വിമത എംഎല്‍എമാരുടെ നേതാവുമായി ഏക്‌നാഥ് ഷിന്ദേയെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്നാം തവണയാണ് ദേവേന്ദ്ര ഫട്‌നവിസ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2014-ഉം 2019-ഉം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍, 2019-ല്‍ വെറും 80 മണിക്കൂര്‍ മാത്രമായിരുന്നു അദ്ദേഹം അധികാരത്തിലുണ്ടായിരുന്നത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി.ബുധനാഴ്ച മുംബൈയിലെത്തിയ മുഴുവന്‍ ബി.ജെ.പി. എം.എല്‍.എ.മാരും നഗരത്തിലെ പ്രസിഡന്റ് ഹോട്ടലില്‍ താമസിക്കുകയാണ്. ഗോവയിലുള്ള ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതസംഘം ഇന്ന് മുംബൈയിലെത്തും. ബി.ജെ.പി.യുമായി സര്‍ക്കാര്‍ രൂപവത്കരണ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ശിവസേനാ വിമത നേതാക്കള്‍ അറിയിച്ചു. 

ഏക്‌നാഥ് ഷിന്ദെ വിമത എംഎല്‍എമാരെ ഇന്ന് കാണും. ഇതിന് ശേഷം ഗവണറുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്.J വിമത എംഎല്‍എമാര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകാതെ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനുവേണ്ടി എന്തെല്ലാം നടപടികളാണ് പൂര്‍ത്തിയാക്കേണ്ടതെന്ന കാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഏതെങ്കിലും പാര്‍ട്ടിയുമായി ലയിച്ച് കൂറുമാറ്റ നിയമത്തെ മറികടക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ലയിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.

Related News