ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ ബന്ധുക്കളെ വിളിച്ചുവരുത്തി തീ കൊളുത്തി; ഓട്ടോ ഡ്രൈവർ അറസ്റ്റില്‍

  • 01/07/2022

യാദ്ഗിർ: ഭാര്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി വിളിച്ചുവരുത്തിയ ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും രണ്ട് ബന്ധുക്കളെയും ഓട്ടോ ഡ്രൈവർ തീകൊളുത്തി. സംഭവത്തിൽ പൊള്ളലേറ്റ ബന്ധുക്കൾ മരിച്ചു. ഭാര്യാപിതാവും ഭാര്യാസഹോദരനും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ബുധനാഴ്ച കർണാടകയിലെ യാദ്ഗിർ ജില്ലയിലാണ് സംഭവം. 

സംഭവത്തില്‍ പ്രതി ശരണപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിക്കാനെന്ന വ്യാജേനയാണ് ശരണപ്പ തന്റെ ഭാര്യാപിതാവ് സിദ്ധരാമപ്പ മ്യൂറൽ (65), ഭാര്യാ സഹോദരൻ മുത്തപ്പ മുരൾ (40), ബന്ധുക്കളായ നാഗപ്പ ഹഗരഗുണ്ട (35), ശരണപ്പ സരരു (65) എന്നിവരെ വീട്ടിലേക്ക് ക്ഷണിച്ചത്. അവരുമായി സംസാരിച്ചുകൊണ്ടിരുന്ന ശരണപ്പ പെട്ടെന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 

ഇവർ രക്ഷപ്പെടാതിരിക്കാൻ വീട് പൂട്ടി. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വാതിൽ തകർത്ത് പോലീസിനെ വിവരം വിളിച്ച് അറിയിച്ചത് ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. നാഗപ്പയും ശരണപ്പയും ആശുപത്രിയിൽ വച്ച് മരിച്ചു. ഭാര്യയുടെ അച്ഛനും സഹോദരനും 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 

16 വർഷം മുമ്പാണ് ശരണപ്പ ഹുലിഗെമ്മയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. ഒരുവർഷം മുമ്പ് ലിംഗസുഗൂർ കെഎസ്‌ആർടിസി ഡിപ്പോയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ഹുലിഗെമ്മ, ലിംഗസുഗൂരിൽ സ്വന്തമായി താമസം മാറി. തുടർന്നാണ് പ്രശ്നപരിഹാരത്തിന് നാരായൺപൂരിലെ വീട്ടിലേക്ക് ബന്ധുക്കളെ ശരണപ്പ ക്ഷണിച്ച് വരുത്തിയത്.

Related News