ഷിന്‍ഡെക്കെതിരേ കൂടുതല്‍ നടപടി; പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കി ഉദ്ദവ് താക്കറെ

  • 02/07/2022

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരെ നടപടി കടുപ്പിച്ച് ഉദ്ദവ് താക്കറെ. പാര്‍ട്ടി പദവികളില്‍ നിന്ന് ഷിന്‍ഡെയെ നീക്കി. പാര്‍ട്ടി വിരുധ പ്രവര്‍ത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ശിന്‍ഡെയ്‌ക്കെഴുതിയ കത്തില്‍ ഉദ്ദവ് പറയുന്നു.

വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ശിന്‍ഡെയില്‍ നിന്ന് എടുത്ത് മാറ്റിയിരുന്നു. അതേസമയം നാളെ നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ മഹാവികാസ് അഖാഡി സഖ്യത്തില്‍ ഇതുവരെ തീരുമാനം ആയില്ല. സ്പീക്കര്‍ സ്ഥാനം സഖ്യത്തില്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ടതായിരുന്നു.

വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി തീരുമാനം പറയും മുന്‍പ് തെരഞ്ഞെടുപ്പ് നടക്കുന്നതിനെതിരെ അമര്‍ഷത്തിലാണ് കോണ്‍ഗ്രസ്. 2014 ല്‍ ശിവസേനയില്‍ നിന്ന് ബിജെപിയിലെത്തിയ രാഹുല്‍ നര്‍വേക്കറാണ് ബിജെപി സ്ഥാനാര്‍ഥി. നിയമസഭാ കൗണ്‍സില്‍ ചെയര്‍മാനും എന്‍സിപി നേതാവുമായ റാംരാജെ നിംബാല്‍ക്കറിന്റെ മരുമകന്‍ കൂടിയാണ് നര്‍വേക്കര്‍.

Related News