നൂപുര്‍ ശര്‍മയെ പിന്തുണച്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടു

  • 02/07/2022

മുംബൈ: പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് ഒരാള്‍ കൂടി കൊലചെയ്യപ്പെട്ടു. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനാണ് 54കാരനായ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ കുത്തിക്കൊന്നതെന്നാണ് സംശയം. രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ രണ്ട് പേര്‍ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ്, ജൂണ്‍ 21 ന് അമരാവതിയില്‍ മരുന്ന് വ്യാപാരിയായ ഉമേഷ് പ്രഹ്ലാദ് റാവു കോല്‍ഹെയെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉമേഷ് പ്രഹ്ലാദ് റാവു കോല്‍ഹെയുടെ കൊലപാതകം പ്രതികാരം ചെയ്യാനും മാതൃക കാണിക്കാനുമാണ് ഒരു വിഭാഗം നടത്തിയതെന്ന് ആരോപിച്ച് പ്രാദേശിക ബിജെപി നേതാക്കള്‍ പോലീസിന് കത്ത് നല്‍കി. ബിജെപി നേതാക്കളില്‍ നിന്ന് കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

'കൊല്‍ഹെ അമരാവതി നഗരത്തില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ നടത്തിയിരുന്നു. നൂപൂര്‍ ശര്‍മ്മയെ പിന്തുണച്ച് ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതായി ആരോപിക്കപ്പെടുന്നു. തന്റെ കസ്റ്റമേഴ്സ് ഉള്‍പ്പെടെ എല്ലാ മതവിശ്വാസികളും അംഗങ്ങളായ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അദ്ദേഹം പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തതായി സിറ്റി കോട്വാലി പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. എന്‍ഐഎ സംഘം അമരാവതിയില്‍ എത്തിയിട്ടുണ്ടെന്നും അന്വേഷണം ഏറ്റെടുക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്‍ ഐ എ സംഘം വിഷയം പരിശോധിച്ച് മഹാരാഷ്ട്ര പോലീസില്‍ നിന്ന് വിശദാംശങ്ങള്‍ വാങ്ങിയിട്ടുണ്ട്.



Related News