ബ്രഹ്‌മാവിനെപ്പോലെ നിത്യമായിരിക്കുമെന്നാണ് മോദിയുടെ വിചാരം; രൂക്ഷ വിമര്‍ശനവുമായി കെ. ചന്ദ്രശേഖര റാവു

  • 03/07/2022

ഹൈദരാബാദ്: ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ബി.ജെ.പി തുടര്‍ച്ചയായി രാജ്യത്തിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ചതിക്കുകയാണെന്ന് റാവു പറഞ്ഞു. ്രപതിപക്ഷ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ ചേര്‍ന്ന എം.പിമാരുടേയും എം.എല്‍.എമാരുടേയും യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

'ദുരാചാര മുക്ത ഭാരതമുണ്ടാക്കുമെന്ന് പറഞ്ഞിട്ട് എവിടെ? രൂപയുടെ മൂല്യമിടിയുന്നത് എന്താണ്?എന്തുകൊണ്ട് രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം അപമാനിക്കപ്പെടുന്നു? വോട്ടിന്റെ സമയത്ത് പറഞ്ഞ വാഗ്ദാനങ്ങളൊക്കെ നടപ്പിലാക്കാന്‍ എന്തേ നിങ്ങളുടെ സര്‍ക്കാരിന് പറ്റാത്തത്? ധൈര്യമില്ലാത്ത നിങ്ങളുടെ നേതാവ് മോദിയോട് എക്സിക്യൂട്ടീവ് മീറ്റിങില്‍ ഇതിനൊക്കെ ഉത്തരം പറയാന്‍ പറയൂ. ,' റാവു പറഞ്ഞു.

'മോദിയുടെ വിചാരം യു.എസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അഹമ്മാദാബാദിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് പോലെയാണെന്നാണ്. മോദി അന്ന് ട്രംപിനെ പിന്തുണച്ചു. അദ്ദേഹം ദയനീയമായി തെരഞ്ഞെടുപ്പില്‍ തോറ്റു. ഇതോടെ രാജ്യത്തിന്റെ പ്രതിച്ഛായയും നശിച്ചു. ശ്രീലങ്കയില്‍ മോദി സര്‍ക്കാരിനെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ലോകത്തിന് മുമ്പിലും ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു.
ബ്രഹ്‌മാവിനെ പോലെ താനും നിത്യമായിരിക്കുമെന്നും അവസാനിക്കില്ലെന്നുമൊക്കെയാണ് മോദിയുടെ വിചാരം. മോദി ഇന്ത്യയുടെ 15ാമത് പ്രധാനമന്ത്രി മാത്രമാണ്. അല്ലാതെ സ്ഥിരമായി ആരും അവിടെ പിടിച്ചിരുത്തിയിട്ടില്ല. ജനാധിപത്യ രാജ്യത്ത് ഒന്നും അങ്ങനെ സ്ഥിരമായി തുടരുകയുമില്ല. മാറ്റങ്ങള്‍ ഉണ്ടാകും, അത് അനിവാര്യമാണ്,' റാവു കൂട്ടിച്ചേര്‍ത്തു.

Related News