ടീമിന് ചരിത്രവിജയം സമ്മാനിച്ച് അഞ്ചാം ടെസ്റ്റ് മത്സരം ഇംഗ്ലണ്ട് നേടി

  • 05/07/2022

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രവിജയം നേടി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ഇതോടെ ഇംഗ്ലണ്ട് അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലാക്കി. 

ഈ വിജയം വെറുമൊരു വിജയമല്ല മറിച്ച് പുതിയൊരു റെക്കോഡാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇന്ത്യയ്ക്കെതിരേ കുറിച്ചത്. 378 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഇംഗ്ലണ്ട് ഇതിനുമുന്‍പ് ഓസ്ട്രേലിയയ്ക്കെതിരേ നേടിയ വിജയം പഴങ്കഥയാക്കി. ഇന്ത്യയ്ക്കെതിരായ വിജയം ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും വലിയ നേട്ടങ്ങളിലൊന്നാണ്. ഇതിനുമുന്‍പ് ഓസ്ട്രേലിയയ്ക്കെതിരേ 2019-ല്‍ ഇംഗ്ലണ്ട് 359 റണ്‍സ് ചേസ് ചെയ്തിരുന്നു. ഇംഗ്ലണ്ടിലെ ലീഡ്സില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. അന്ന് ബെന്‍സ്റ്റോക്സിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് രക്ഷയായത്.

എഡ്ജ്ബാസ്റ്റണില്‍ ചേസ് ചെയ്യുന്ന ഒരു ടീമിന്റെ ഏറ്റവും വലിയ വിജയം എന്ന റെക്കോഡും ഇംഗ്ലണ്ട് ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 281 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ച ദക്ഷിണാഫ്രിക്കയുടെ റെക്കോഡാണ് ഇംഗ്ലണ്ട് മറികടന്നത്. ഇന്ത്യയ്ക്കെതിരേ ഒരു ടീം ചെയ്സ് ചെയ്ത് നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്.ലോകക്രിക്കറ്റില്‍ ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച ടീമുകളുടെ പട്ടികയില്‍ ഇംഗ്ലണ്ട് ഈ വിജയത്തോടെ എട്ടാമതെത്തി. ഓസ്ട്രേലിയയ്ക്കെതിരേ 2003-ല്‍ 418 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച വെസ്റ്റ് ഇന്‍ഡീസാണ് പട്ടികയില്‍ ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 1976-ല്‍ 403 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഇന്ത്യ പട്ടികയില്‍ നാലാമതുണ്ട്.

Related News