മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു; ഉപരാഷ്ട്രപതി സ്ഥാനത്തേക്കെന്ന് അഭ്യൂഹം

  • 06/07/2022

ന്യൂഡല്‍ഹി: ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായ നഖ്വിയുടെ രാജ്യസഭാ കാലയളവ് നാളെ അവസാനിക്കും. അതേസമയം നഖ്വിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് രാജി.

ഇന്ന് രാവിലെ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായും നഖ്വി കൂടിക്കാഴ്ച നടത്തിയിരുന്നു.ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം നടത്തുന്നുവെന്നാണ് സൂചനകള്‍. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് എന്നിവരേയും ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നുവെന്നാണ് നേരത്തെ ഉയര്‍ന്ന റിപ്പോര്‍ട്ടുകള്‍. 

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്ത് 10-നാണ് അവസാനിക്കുന്നത്. ജൂലൈ 19 ആണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്ത് ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.നഖ്വിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍/ ലഫ്. ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചേക്കാമെന്നും സൂചനകളുണ്ട്.

Related News