തായ്‌ലാന്‍ഡിലേക്ക് യാത്രചെയ്ത വിവരം ഭാര്യ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറി; യുവാവ് അറസ്റ്റില്‍

  • 09/07/2022

മുംബൈ: പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ച കേസില്‍ മുംബൈയില്‍ യുവാവ് അറസ്റ്റിലായി. പൂണെ സ്വദേശിയായ സാംദര്‍ശി യാദവ്(32) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ പാസ്‌പോര്‍ട്ടിലെ പത്ത് പേജുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയതോടെയാണ് സഹര്‍ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. 
 
കഴിഞ്ഞ ദിവസം മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാദവിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടഞ്ഞത്. ഹാജരാക്കിയ പാസ്‌പോര്‍ട്ടില്‍നിന്ന് ഏതാനും പേജുകള്‍ കാണാനില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ യുവാവിനെ തടഞ്ഞത്.  ഇതിന് പിന്നാലെയാണ് പാസ്‌പോര്‍ട്ടില്‍ നിന്ന് പത്ത് പേജുകള്‍ കീറിക്കളഞ്ഞെന്ന് അധികൃതര്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് ഈ വിവരം പോലീസിന് കൈമാറുകയായിരുന്നു. 2019-ലാണ് ഇയാള്‍ വിവാഹിതനായത്. 2019-ല്‍ യാത്ര ചെയ്ത വിവരങ്ങളടങ്ങിയ പേജുകളാണ് യുവാവ് പാസ്‌പോര്‍ട്ടില്‍നിന്ന് കീറിക്കളഞ്ഞത്. അതിന് മുമ്പ് തായ്‌ലാന്‍ഡിലേക്ക് യാത്രചെയ്തിരുന്നു. തായ്‌ലാന്‍ഡിലേക്ക് യാത്രചെയ്ത വിവരം ഭാര്യ അറിയാതിരിക്കാനാണ് വിവാഹശേഷം യുവാവ് പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതെന്നും പോലീസ് പറഞ്ഞു. 

വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പാസ്‌പോര്‍ട്ടിലെ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് യുവാവിനെ അറസ്റ്റ് ചെയ്ത് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. 
 

Related News