ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പരനേടി ഇന്ത്യ

  • 09/07/2022

എജ്ബാസ്റ്റണ്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. 49 റണ്‍സ് ജയത്തോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. നായകന്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 14-ാം ട്വന്റി 20 വിജയം കൂടിയാണിത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ട്വന്റി 20 പരമ്പര ജയവും.

ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ഔട്ടായി. ശേഷിക്കുന്ന മത്സരം ഞായറാഴ്ച ട്രെന്‍ഡ് ബ്രിഡ്ജില്‍ നടക്കും. കണിശതയോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ പന്തില്‍ തന്നെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണര്‍ ജേസണ്‍ റോയിയെ (0) ഭുവനേശ്വര്‍ കുമാര്‍ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ചു. പിന്നാലെ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ജോസ് ബട്ട്ലറെയും (4) മടക്കിയ ഭുവി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയപാടെ തകര്‍ത്തടിച്ച് തുടങ്ങിയ ലിയാം ലിവിങ്സ്റ്റന്റെ ഈഴമായിരുന്നു. ജസ്പ്രീത് ബുംറയുടെ ഓഫ്കട്ടറില്‍ മറുപടിയില്ലാതായിപ്പോയ ലിവിങ്സ്റ്റന്റെ വിക്കറ്റുമായി പന്ത് പറന്നു. ഒമ്പത് പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 15 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ശേഷം കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഹാരി ബ്രൂക്കിനെ (8) യുസ്വേന്ദ്ര ചാഹല്‍, സൂര്യകുമാര്‍ യാദവിന്റെ കൈയിലെത്തിച്ചു. പത്താം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മലാനെയും ചാഹല്‍ മടക്കിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 55 എന്ന നിലയിലേക്ക് വീണു. 25 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് മലാന് നേടാനായത്

Related News