ഉത്തരാഖണ്ഡില്‍ എം.എല്‍.എ ഉള്‍പ്പെടെ 60 പേര്‍ കേബിള്‍ കാറില്‍ കുടുങ്ങി

  • 10/07/2022

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എ കിഷോര്‍ ഉപാധ്യായ ഉള്‍പ്പെടെ 60 പേര്‍ കേബിള്‍ കാറില്‍ കുടുങ്ങി. തെഹ്‌റി ജില്ലയിലെ സുര്‍കന്ദ ദേവി ക്ഷേത്രത്തിന് സമീപമുള്ള കേബിള്‍ കാറാണ് സാങ്കേതിക തകരാര്‍ മൂലം പാതിവഴിയില്‍ കുടുങ്ങിയത്. 45 മിനിറ്റിന് ശേഷം തകരാര്‍ പരിഹരിച്ച് എംഎല്‍എ ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരേയും രക്ഷപ്പെടുത്തി.


ആരും കേബിള്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയതായും തെഹ്‌രി ഗര്‍വാള്‍ എസ്എസ്പി നവനീത് ഭുള്ളര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. റോപ്പ്‌വേ നിലവില്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.അതേസമയം കേബിള്‍ കാര്‍ പാതിവഴില്‍ കുടുങ്ങിയത് ഗുരുതരമായ പ്രശ്‌നമാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും എംഎല്‍എ കിഷോര്‍ ഉപാധ്യായ പറഞ്ഞു. ഞങ്ങള്‍ക്ക് ആരുടെയും ജീവന്‍ അപകടത്തിലാക്കാന്‍ കഴിയില്ലെന്നും റോപ്പ്‌വേ ഓപ്പറേറ്റര്‍മാരുമായും ബന്ധപ്പെട്ട അധികാരികളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News