സഞ്ജീവ് ഭട്ട് ഒരാഴ്ച പോലീസ് കസ്റ്റഡിയില്‍

  • 13/07/2022

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. ലോക്കപ്പ് മരണക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാലന്‍പുര്‍ ജയിലില്‍ക്കഴിയുകയായിരുന്ന ഭട്ടിനെ ട്രാന്‍സ്ഫര്‍ വാറന്റിലൂടെയാണ് ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. 

തുടര്‍ന്ന് അഹമ്മദാബാദിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. ഭട്ടിനെ ചോദ്യംചെയ്തുവരുകയാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദും മുന്‍ ഡി.ജി.പി.യും മലയാളിയുമായ ആര്‍.ബി. ശ്രീകുമാറും കൂട്ടുപ്രതികളായ വ്യാജരേഖാ കേസിലാണ് ഭട്ടിനെയും അറസ്റ്റുചെയ്തത്. അന്വേഷണക്കമ്മിഷനുകള്‍ക്ക് നല്‍കാനായി സര്‍ക്കാര്‍രേഖകള്‍ തിരുത്തിയതും മുഖ്യമന്ത്രിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തെന്ന് വ്യാജരേഖയുണ്ടാക്കിയതും സഞ്ജീവ് ഭട്ടിനെതിരായ ആരോപണങ്ങളില്‍പ്പെടും. 

തീസ്തയും ശ്രീകുമാറും ഈ കേസില്‍ ജൂലായ് രണ്ടുമുതല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി. ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയയുടെ പരാതി തള്ളിയ സുപ്രീംകോടതിവിധിയില്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തതും അറസ്റ്റുചെയ്തതും. മലയാളി ഡി.ഐ.ജി. ദീപന്‍ ഭദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്

Related News