മൂന്നരവയസ്സുകാരി അഞ്ചാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ചനിലയില്‍

  • 14/07/2022

ചെന്നൈ: ചെന്നൈയില്‍ മൂന്നരവയസ്സുകാരിയെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ പൂനാംമല്ലിയിലെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിക്കുന്ന എ രവിയുടെ മകള്‍ വിന്‍സിയ അദിതിയെയാണ് അഞ്ചാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. ഫ്‌ളാറ്റിന് മുമ്പിലെ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ സുരക്ഷാ ജീവനക്കാരനാണ് പെണ്‍കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരന്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കളും അയല്‍വാസികളും ചേര്‍ന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഞ്ചാം നിലയിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് വീണ് കുട്ടി മരിച്ചെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. രാവിലെ ഏഴുമണിയോടെയാണ് പെണ്‍കുട്ടി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണതെന്ന് പോലീസ് പറഞ്ഞു. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. 

കുട്ടിയുടെ പിതാവ് എ.രവി മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റാണ്. തിങ്കളാഴ്ച രാവിലെ എട്ടുവയസ്സുള്ള മകനെ ഫുട്‌ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാനായി ഇദ്ദേഹം ഫ്‌ളാറ്റില്‍നിന്ന് പോയിരുന്നു. രാവിലെ 6.15-ഓടെ കുട്ടിയുടെ അമ്മ സിന്ധിയ ഹെറിന്‍ പ്രഭാതസവാരിക്കായും ഫ്‌ളാറ്റില്‍നിന്നിറങ്ങി. ഈ സമയത്തെല്ലാം മൂന്നരവയസ്സുകാരി ഉറങ്ങുകയായിരുന്നു. 

പിന്നീട് ഉറക്കമുണര്‍ന്ന കുട്ടി മാതാപിതാക്കളെ കാണാതിരുന്നതോടെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയിലെ കസേരയില്‍ കയറിയെന്നും ഇതിനിടെ താഴേക്ക് വീണെന്നുമാണ് പോലീസ് പറയുന്നത്. 

മുറിയില്‍ ഉറങ്ങുകയായിരുന്ന മകള്‍ ബാല്‍ക്കണിയില്‍നിന്ന് വീണത് വീട്ടിലുള്ളവരാരും അറിഞ്ഞിരുന്നില്ല. മകള്‍ ഉറങ്ങുകയാണെന്നാണ് ഇവര്‍ കരുതിയിരുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.  അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Related News