ഭാര്യയെ സംശയം; വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

  • 14/07/2022

ബെംഗളൂരു: യുവതിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. കെങ്കേരിയിലാണ് സംഭവം. ബെംഗളൂരു സ്വദേശിയും ജെ.സി.ബി. ഡ്രൈവറുമായ മുഹമ്മദ് റഫീഖ് (29), സുഹൃത്ത് പ്രജ്ജ്വല്‍ (21) എന്നിവരാണ് പിടിയിലായത്. വിശ്വേശ്വര ലേഔട്ട് സ്വദേശിയായ നാഗിന ഖാനൂംമാണ്(25) കൊല്ലപ്പെട്ടത്.

റഫീഖിന് ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഈ മാസം മൂന്നിന് കെങ്കേരിക്ക് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് നിന്നാണ് യുവതിയുടെ പാതി കത്തിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ആറുദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മൃതദേഹം നാഗിനയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

തുടര്‍ന്ന് യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. ഇതോടെ ഇവര്‍ക്ക് ഭര്‍ത്താവ് മുഹമ്മദ് റഫീഖുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് റഫീഖിലേക്ക് അന്വേഷണം നീണ്ടു. മൃതദേഹം കണ്ടെത്തിയ ദിവസം മുതല്‍ ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫാണെന്നും ഇതില്‍ ഒരുദിവസം വിജയപുരയില്‍ മൊബൈല്‍ ഓണായതായും പോലീസ് കണ്ടെത്തി.

ഇതോടെ വിജയപുരയിലെത്തിയ അന്വേഷണ സംഘം ബന്ധുവീട്ടില്‍ നിന്ന് റഫീഖിനെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് പ്രജ്ജ്വലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ജൂലായ് രണ്ടിന് രാത്രി കെങ്കേരിയിലെ ഒഴിഞ്ഞസ്ഥലത്തേക്ക് നാഗിനയെ റഫീഖ് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് പ്രജ്ജ്വലും റഫീഖും ചേര്‍ന്ന് കഴുത്തില്‍ കയര്‍ കുടുക്കി നാഗിനയെ കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. 

Related News