രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം

  • 14/07/2022

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ടിനെതിരെ 246 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യയ്ക്ക് 146 റണ്‍സിന് ബാറ്റിങ് അവസാനിപ്പിക്കേണ്ടി വന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 246(49), ഇന്ത്യ 146(38.5).

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങിനെതിരേ ശ്രദ്ധയോടെ തുടങ്ങി ഒടുവില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ ഏഴാം വിക്കറ്റില്‍ ഒന്നിച്ച മോയിന്‍ അലി - ഡേവിഡ് വില്ലി സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സഹായിച്ചത്. പക്ഷെ മറുപടി ബാറ്റിങ്ങിനിറങ്ങിയെ ഇന്ത്യയെ ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ പിടിച്ചുകെട്ടുകയായിരുന്നു.ക്യാപ്റ്റന്‍ രോഹിത് ശര്‍മ(0)ശിഖര്‍ ധവാന്‍(9), ഋഷഭ് പന്ത്(0)വീരാട് കോലി(16)എന്നിവരുടെ വിക്കറ്റുകള്‍ 11.2 ഓവര്‍ പിന്നിടുമ്പോള്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 73 ന് നാല് എന്ന രീതിയില്‍ പരുങ്ങിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പിന്നീട് കൂട്ടിച്ചേര്‍ക്കാനായത് 73 റണ്‍സ് മാത്രം.

സൂര്യകുമാര്‍ യാദവ്(27),ഹാര്‍ദിക് പാണ്ഡ്യ(29), രവീന്ദ്ര ജഡേജ(29),മുഹമ്മദ് ഷമി(23),ജസ്പ്രിത് ബുംറ(2),യുസ്വേന്ദ്ര ചാഹല്‍(3)പ്രസിദ്ധ് കൃഷ്ണ(0)എന്നിങ്ങനെയാണ് പന്നീടിറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ സംഭാവന. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹല്‍ ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടുവീതം വീക്കറ്റും, ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.9.5 ഓവറില്‍ രണ്ട് മെയ്ഡിനടക്കം 24 റണ്‍സ് വഴങ്ങി ഇംഗ്ലണ്ടിന്റെ റീസ് ടോപ്ലി ഇന്ത്യയുടെ ആറ് വിക്കറ്റെടുത്തു. ഡേവിഡ് വില്ലി, ബ്രൈഡെന്‍ കാര്‍സ്, മൊയീന്‍ അലി, ലിയാം ലിവിങ് സ്റ്റോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.കഴിഞ്ഞ മത്സരത്തിലെ അപകടം മുന്നില്‍കണ്ട് ഇംഗ്ലീഷ് ഓപ്പണര്‍മാരായ ജേസന്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ശ്രദ്ധയോടെയാണ് ഇന്നിങ്സിന് തുടക്കമിട്ടത്. തുടക്ക ഓവറുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയ ഈ സഖ്യം പിന്നീട് റണ്‍റേറ്റ് ഉയര്‍ത്താനാരംഭിച്ചു. ഇതിനിടെ ഒമ്പതാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ രോഹിത്, റോയ് - ബെയര്‍സ്റ്റോ കൂട്ടുകെട്ട് പൊളിച്ചു. 33 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത റോയിയെ ഹാര്‍ദിക്, സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

Related News