പതിനാല് തവണ പങ്കാളി നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെ‌യ്യിച്ചു; ഒടുവിൽ യുവതി ആത്മഹത്യ ചെയ്തു

  • 15/07/2022

ദില്ലി: പതിനാല് തവണ ​ഗർഭഛിദ്രത്തിന് വിധേയയായ യുവതി ആത്മഹത്യ ചെയ്തു.  ദില്ലിയിലെ അപ്പാർട്ട്മെന്റിൽ 33കാരിയായ യുവതിയാണ് ജീവനൊടുക്കിയത്. ലിവിങ് ടു​ഗതറിലായിരുന്ന പങ്കാളി 14 തവണ നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെ‌യ്യിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യാ കുറിപ്പ് ഉദ്ധരിച്ച് പോലീസ് പറയുന്നത്.

തെക്കുകിഴക്കൻ ദില്ലിയിലെ ജയ്ത്പൂർ മേഖലയിൽ ജൂലൈ അഞ്ചിനാണ് സംഭവം. യുവതിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവാഹവാഗ്ദാനം നൽകിയ യുവാവുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു യുവതി. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 14 തവണ ഗർഭഛിദ്രത്തിന് വിധേയമായി. എന്നാൽ വിവാഹം കഴിക്കാൻ യുവാവ് സമ്മതിച്ചില്ലെന്നും ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഭർത്താവുമായി വേർപിരിഞ്ഞാണ് യുവതി താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. 

തുടര്‍ന്ന് നോയിഡയിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു.  സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ) എന്നിവ പ്രകാരമാണ് കേസെടുത്തത്. ബിഹാറിലെ മുസാഫർപൂരിൽ താമസിക്കുന്ന യുവതിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അവർക്ക് വിട്ടുനല്‍കി.

Related News