എയർ അറേബ്യ വിമാനം അടിയന്തരമായി നിലത്തിറക്കിയ സംഭവം: ഡിജിസിഎ അന്വേഷണം നടത്തും

  • 16/07/2022



കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ എയർ അറേബ്യ വിമാനം അടിയന്തരമായി നിലത്തിറക്കിയ സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തും. ഹൈഡ്രോളിക് സംവിധാനം തകരാറിലായത് കൊണ്ട് അടിയന്തര ലാൻഡിംഗ് വേണ്ടി വന്നുവെന്നാണ് എയർ അറേബ്യ വ്യക്തമാക്കിയിരിക്കുന്നത്. 

229 പേരുമായി യാത്ര ചെയ്ത വിമാനം യന്ത്രതകരാർ ഉണ്ടായിട്ടും അത്ഭുതകരമായാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. വിമാനം പാർക്കിംഗ് ബേയിലേക്ക് മാറ്റിയിട്ടുണ്ട്. ലാൻഡിംഗിന്‍റെ ദൃശ്യങ്ങൾ ഇതുവരെയും വിമാനത്താവള അധികൃതർ പുറത്തുവിട്ടിട്ടില്ല. 

എയർ അറേബ്യ G9-426 വിമാനം മുക്കാൽ മണിക്കൂറോളമാണ് നെടുമ്പാശേരി വിമാനത്താവളെത്താകെ മുൾമുനയിൽ നിർത്തിയത്. 
രാത്രി 7.13നായിരുന്ന ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. 

എന്നാൽ നെടുമ്പാശേരിയിലേക്കുള്ള യാത്രയിൽ ലാൻഡിംഗിന് മുന്നോടിയായുള്ള പരിശോധനയിലാണ് പൈലറ്റിന് യന്ത്ര തകരാർ ശ്രദ്ധയിൽ പെട്ടത്. ഗിയർ , ഫ്ലാപ്പ്, ബ്രേക്ക് ശൃംഘലയുമായി ബന്ധപ്പെട്ട ഹൈഡ്രോളിക്ക് സംവിധാനത്തിലാണ് പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടത്.

222 യാത്രക്കാരും 7 വിമാനജീവനക്കാരുമാണ് എയർ അറേബ്യ വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 6.41ന് തന്നെ വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടു എമർജൻസി ലാൻഡിംഗ് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. വിമാനത്താവളത്തിൽ വിവരം എത്തിയ ഉടൻ തന്നെ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനം വിമാനത്താവളത്തിൽ ഒരുങ്ങി.

Related News