ഇതര ജാതിയിൽപ്പെട്ട യുവാവുമായി മകള്‍ പ്രണയത്തിലായി; 19കാരിയെ അച്ഛന്‍ കഴുത്തറുത്ത് കൊന്നു

  • 16/07/2022

ലഖ്‌നൗ: ഇതര ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായ 19കാരിയെ അച്ഛൻ കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. കേസില്‍ ഫിറോസാബാദ് സ്വദേശിയായ മനോജ് റാത്തോഡിനെ (42)  പോലീസ് അറസ്റ്റ് ചെയ്തു. മകൾ രുചി റാത്തോഡിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ പിടിയിലായത്.

വെള്ളിയാഴ്ച രാവിലെയാണ് മനോജിന്റെ മൂത്തമകളായ രുചിയെ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനോജ്- നഗീന ദമ്പതിമാരുടെ നാല് മക്കളില്‍ മൂത്തയാളാണ് കൊല്ലപ്പെട്ട രുചി റാത്തോഡ്. മുകളിലത്തെ നിലയില്‍ നിന്നു മകള്‍ താഴേക്ക് വരാത്തത് എന്താണെന്ന് തിരക്കിയ അമ്മയോട് മനോജ് തന്നെയാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസിനെ വിവരമറിയിക്കുകയും പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു. 

കഴിഞ്ഞ ഒരുവര്‍ഷമായി രുചി, ഏട്ടാ സ്വദേശിയായ സുധീര്‍ കുമാര്‍ (21) എന്നയാളുമായി  പ്രണയത്തിലായിരുന്നു. ഇതര ജാതിക്കാരനായ യുവാവുമായുള്ള പ്രണയം മനോജിന് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇടയ്ക്കിടെ ഇരുവരും പരസ്പരം കാണുകയും ചെയ്യുമായിരുന്നു. പ്രണയം തുടര്‍ന്നാല്‍ രണ്ട് പേരെയും കൊല്ലുമെന്ന് മനോജ് ഭീഷണിപ്പെടുത്തിയിരുന്നു. സുധീറിനെ വിവാഹം കഴിക്കണമെന്നായിരുന്നു മകളുടെ ആഗ്രഹം. 

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മനോജ് വീട്ടിലെത്തിയപ്പോള്‍ മകള്‍ക്കൊപ്പം കാമുകനെയും കണ്ടു. തുടര്‍ന്നാണ് കൊലപാതകത്തിനുള്ള ആസൂത്രണം ആരംഭിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി വീടിന്റെ മുകള്‍ നിലയിലെ കിടപ്പു മുറിയില്‍ ഉറങ്ങുകയായിരുന്ന മകളെ ഈര്‍ച്ച വാള്‍ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രതി മൊഴി നല്‍കിയത്. പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കാമുകനില്‍ നിന്നുള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് വ്യക്തമാക്കി.

Related News