എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍

  • 16/07/2022

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ജഗ്ദീപ് ധന്‍കറിനെ പ്രഖ്യാപിച്ചു. ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ വെച്ചായിരുന്നു തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

2019 ജുലായ് 30 മുതല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറാണ് ജഗ്ദീപ് ധന്‍കര്‍. മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജമ്മു കശ്മീര്‍ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുന്‍ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരുടെ പേരുകളാണ് ആദ്യഘട്ടം മുതല്‍ സ്ഥാനാര്‍ഥിപദത്തിലേക്ക് ഉയര്‍ന്നുവന്നിരുന്നത്.അതേസമയം പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച സര്‍ക്കാരും സ്പീക്കറും ഉപരാഷ്ട്രപതിയും വിളിച്ചിട്ടുള്ള കക്ഷിനേതാക്കളുടെ യോഗങ്ങള്‍ക്കുശേഷമായിരിക്കും ഇതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുപിന്നാലെ പ്രതിപക്ഷപാര്‍ട്ടികളില്‍ ഭിന്നിപ്പുണ്ടായിരിക്കുന്ന വേളയില്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ കരുതലോടെ തിരഞ്ഞെടുക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി പ്രതിപക്ഷനേതാക്കളെ കാണാന്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി.

Related News