സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം പാക്കിസ്ഥാനിൽ ഇറക്കി

  • 17/07/2022



ദില്ലി: സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം പാക്കിസ്ഥാനിൽ ഇറക്കി. ഷാർജയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ചക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറക്കുന്ന രണ്ടാമത്തെ വിമാനമാണ് ഇത്.

സ്പൈസ് ജെറ്റിന്റെ ദില്ലിയിൽ നിന്നും ദുബായിലേക്ക് പോയ വിമാനമാണ് ഈ മാസം ആദ്യം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയത്. സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ ഇന്റിക്കേറ്റർ ലൈറ്റിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം കറാച്ചി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയതെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം.

എമർജൻസി ലാന്‍റിംഗായിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്‍റിംഗായിരുന്നുവെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. തകരാർ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു വിമാനം കറാച്ചിയിലേക്ക് അയച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു. കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെയാണ് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിമാനം ലാന്‍റ് ചെയ്തതിന് പിന്നാലെ യാത്രക്കാരെ കറാച്ചി വിമാനത്താവളത്തിലെ ട്രാൻസിറ്റ് ലോഞ്ചിലേക്ക് മാറ്റിയിരുന്നു. 

Related News