രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

  • 18/07/2022

ദില്ലി: രാജ്യത്തിന്റെ 15ാം രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അല്‍പസമയത്തിനകം ആരംഭിക്കും.. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ദ്രൗപതി മുര്‍മുവും പ്രതിപക്ഷത്തിന്റെ യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. നിര്‍ണ്ണായക വോട്ടിംഗ് രാവിലെ 10 മണി മുതല്‍ ആരംഭിക്കും. ജൂലൈ 21നാണ് വോട്ടെണ്ണലും പ്രഖ്യാപനവും. മുര്‍മുവിനെ സംബന്ധിച്ച് അനായാസ വിജയത്തിന് സാധ്യതയേറെയാണ്. നിരവധി എന്‍ഡിഎ ഇതര പാര്‍ട്ടികളും അവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, ഗോത്ര വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യത്തെ വനിതയാവുമവര്‍.


കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപി ഭരണത്തില്‍ മന്ത്രിയായി തുടര്‍ന്ന യശ്വന്ത് സിന്‍ഹ, പോരാട്ടം വ്യക്തികള്‍ തമ്മിലല്ല പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലാണെന്ന നിലപാടുമായി രംഗത്തുണ്ട്. രാവിലെ 10 മുതല്‍ 5 വരെ വോട്ടിങ് നടക്കും. പാര്‍ലമെന്റിലെ 63-ാം നമ്പര്‍ മുറിയിലും അതതു നിയമസഭകളില്‍ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണു വോട്ടെടുപ്പ് നടക്കുക. എം പിമാരും എംഎല്‍എമാരും ഉള്‍പ്പെടെ 4800 - ഓളം പേരാണ് വോട്ട് രേഖപ്പെടുത്തുക. എംപിമാര്‍ക്ക് പച്ച നിറത്തിലും എംഎല്‍എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റ് പേപ്പറുകളാണ് നല്‍കുക. 700 ആണ് എം പി മാരുടെ വോട്ട് മൂല്യം. എംഎല്‍എമാരില്‍ കൂടുതല്‍ വോട്ട് മൂല്യം ഉത്തര്‍ പ്രദേശിനാണ്; 208. ഏറ്റവും കുറവ് മിസോറാമിനാണ്. മിസോറാമില്‍ 7 ആണ് എം.എല്‍ എ മാരുടെ വോട്ട് മൂല്യം. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിയാണ് വരണാധികാരി.

Related News