ഐഐടി പ്രൊഫസര്‍ ചമഞ്ഞ് ഡോക്ടറെ വിവാഹം ചെയ്ത് തട്ടുകട ഉടമ

  • 18/07/2022

ചെന്നൈ: മദ്രാസ് ഐഐടിയിലെ പ്രൊഫസറാണെന്ന വ്യാജേന ഡോക്ടറെ വിവാഹം ചെയ്ത് തട്ടുകട ഉടമ. ചെന്നൈയിൽ നിന്നാണ് ഈ തട്ടിപ്പ് വാർത്ത. ജാഫര്‍ഖാന്‍പേട്ടിലെ പെരിയാർ സ്ട്രീറ്റിൽ താമസിക്കുന്ന വി.പ്രഭാകരൻ എന്ന 34കാരനാണ് പിടിയിലായത്. 

പെരിയാര്‍ സ്ട്രീറ്റിൽ സഹോദരങ്ങൾക്കൊപ്പം ടിഫിൻ സെന്റര്‍ നടത്തുന്ന ഇയാള്‍ മദ്രാസ് ഐഐടിയിലെ ബയോകെമിസ്ട്രി പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോ. ഷൺമുഖ മയൂരിയെ വിവാഹം ചെയ്തത്. 2020 ഫെബ്രുവരി ഏഴിനാണ് പ്രഭാകരൻ ഷൺമുഖ മയൂരിയെ വിവാഹം ചെയ്തത്. ലക്ഷങ്ങളുടെ കടവും ബാധ്യതകളുമുള്ള പ്രഭാകരൻ താൻ ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞത് വിശ്വസിച്ച് മയൂരിയുടെ മാതാപിതാക്കൾ മകളെ വിവാഹം ചെയ്ത് നൽകുകയായിരുന്നു. 

വലിയ സ്ത്രീധനം വാങ്ങിയാണ് മയൂരിയെ പ്രഭാകരൻ വിവാഹം ചെയ്തത്. 110 പവൻ സ്വര്‍ണ്ണം, 15 ലക്ഷം രൂപയുടെ വാഹനം, 20 ലക്ഷം രൂപ വിലവരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കളെന്നിവയാണ് ഇയാൾക്ക് സ്ത്രീധനമായി ലഭിച്ചത്. വിവാഹ ശേഷം ദിവസവും വീട്ടിൽ നിന്നിറങ്ങുന്ന പ്രഭാകരൻ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുക. വീട്ടിൽ സമയം ചിലവഴിക്കാത്തതിനെ കുറിച്ച് ചോദിച്ച മയൂരിയെ പ്രഭാകരൻ ഉപദ്രവിച്ചു. എന്നാൽ മകന് പ്രൊഫസര്‍ ജോലിയുടെ തിരക്ക് കാരണമാണ് വീട്ടിൽ വരാൻ കഴിയാത്തതെന്ന് പറഞ്ഞ് വീട്ടുകാര്‍ പ്രഭാകരനെ സംരക്ഷിക്കുകയാണ് ഉണ്ടായത്. 

പ്രഭാകരന്റെ രീതികളിൽ സംശയം തോന്നിയ മയൂരി, സഹോദരനെയും കൂട്ടി ഐഐടി മദ്രാസിലെത്തി അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. സ്ത്രീധനമായി ലഭിച്ച തുകയും സ്വർണവും ഉപയോഗിച്ച് ഇയാൾ കടങ്ങൾ വീട്ടി തട്ടുകട വിപുലപ്പെടുത്തിയിരുന്നു. 

പിന്നാലെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. വഞ്ചന,ആള്‍മാറാട്ടം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ 2019ൽ മറ്റൊരു വിവാഹം കഴിച്ചിരുന്നതായും ഇതിൽ ഒരു കുട്ടിയുമുണ്ടെന്ന് പൊലീസ് പറയുന്നു.

പ്രഭാകരൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ചാണ് മയൂരിയെ വിവാഹം ചെയ്തത്. മയൂരി, പോലീസിനെ സമീപിക്കുകയും പ്രഭാകരനെതിരെ പരാതി നൽകുകയും ചെയ്തു. പരാതിയിൽ കേസെടുത്ത പോലീസ് പ്രഭാകരനെ അറസ്റ്റ് ചെയ്തു.  



 

Related News