അഞ്ച് കൊല്ലത്തിനിടെ ഏഴ് പട്ടണങ്ങളുടെ പേര് മാറ്റിയതായി കേന്ദ്രസര്‍ക്കാര്‍

  • 19/07/2022

ന്യൂഡല്‍ഹി: അഞ്ച് കൊല്ലത്തിനിടെ അലഹബാദ് ഉള്‍പ്പെടെ ഏഴ് നഗരങ്ങളുടേയും പട്ടണങ്ങളുടേയും പുനര്‍നാമകരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്സഭയില്‍ ചൊവ്വാഴ്ച അറിയിച്ചു. 

പശ്ചിമബംഗാളിനെ ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ബംഗ്ല എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യമുന്നയിച്ചതായും അദ്ദേഹം അറിയിച്ചു. ഉത്തര്‍പ്രദേശ് നഗരമായ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി.) 2018 ഡിസംബര്‍ 15 നും ആന്ധ്രാപ്രദേശിലെ രാജമണ്ട്രിയെ രാജമഹേന്ദ്രവാരം എന്ന് മാറ്റുന്നതിനുള്ള എന്‍.ഒ.സി. 2017 ഓഗസ്റ്റ് മൂന്നിനും നല്‍കിയതായി ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് റായി മറുപടി നല്‍കി. ജാര്‍ഖണ്ഡിലെ നഗര്‍ ഉംടാരിയ്ക്ക് പുതിയ നാമമായ ശ്രീ ബന്‍ഷിധാര്‍ നഗര്‍ നല്‍കാനുള്ള അനുമതി 2018 ഓഗസ്റ്റില്‍ നല്‍കിയതായും റായി കൂട്ടിച്ചേര്‍ത്തു.മധ്യപ്രദേശിലെ ബിര്‍ഷിംഗ്പുര്‍ പാലി, ഹോശംഗാബാദ് നഗര്‍, ബബായി എന്നിവയെ യഥാക്രമം മാ ബിരാസിനി ധാം (2018), നര്‍മദാപുരം (2021), മഖന്‍നഗര്‍ (2021) എന്നിങ്ങനെയും പഞ്ചാബിലെ ശ്രീ ഹര്‍ഗോബിന്ദ്പുര്‍ നഗരത്തെ ഹര്‍ഗോബിന്ദ്പുര്‍ സാഹിബ് (2022) എന്നും പുനര്‍നാമകരണം ചെയ്യാനുള്ള അനുമതിയും നല്‍കിയതായും മന്ത്രി അറിയിച്ചു.

Related News