ബൈക്കില്‍ നിന്ന് ബസിന്റെ അടിയിലേക്ക് തെറിച്ചുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു, ഞെട്ടിക്കുന്ന വീഡിയോ

  • 21/07/2022

ബംഗളൂരു: ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് നമുക്ക് അറിയാം. ഗുണമേന്മയുള്ള ഹെല്‍മറ്റ് പല വാഹനാപകടങ്ങളില്‍ നിന്നും തലയ്ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തുന്നു. ഇത് തെളിയിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പലപ്പോഴും പ്രചരിക്കുന്നുമുണ്ട്.  ബംഗളൂരു ജോയിന്റ് കമ്മീഷണര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച അത്തരത്തിലൊരു വീഡിയോയാണ് വൈറലാകുന്നത്.

ഓടുന്ന ബൈക്കില്‍ നിന്ന് ബസിന്റെ അടിയിലേക്ക് തെറിച്ചുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഡോ. ബി ആര്‍ രവികാന്തേ ഗൗഡ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ചത്. 19കാരനായ അലക്‌സ് സില്‍വയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

വളവില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ അലക്‌സ് ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ടയറിന്റെ അടിയിലേക്കാണ് അലക്‌സ് വീണത്. അപകടം മനസിലാക്കി ബസ് ഡ്രൈവര്‍ വാഹനം നിര്‍ത്തി. അലക്‌സിന്റെ ഹെല്‍മറ്റ് ടയറിയില്‍ കുടുങ്ങി കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

വാഹനം പിന്നോട്ട് എടുത്തതോടെ 19കാരന്‍ വാഹനത്തിന്റെ അടിയില്‍ നിന്ന് യുവാവ് പുറത്തേയ്ക്ക് വരുന്നത് ദൃശ്യത്തില്‍ കാണാം. 19കാരനെ രക്ഷിക്കാന്‍ ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഹെല്‍മറ്റ് ധരിക്കുന്നത് പോലെ ഗുണമേന്മയുള്ളതാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ് എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

Related News