ദ്രൗപതി മുര്‍മു ഇന്ത്യയുടെ രാഷ്ട്രപതി

  • 21/07/2022

ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തെരഞ്ഞെടുത്തതായി രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി മോദി പ്രഖ്യാപിച്ചു. വിജയിക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് അല്‍പസമയത്തിനകം റിട്ടേണിംഗ് ഓഫീസര്‍ ദ്രൗപദി മുര്‍മുവിന് കൈമാറും. 

അതേസമയം അന്തിമ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ കേരളത്തില്‍ ഒരു വോട്ട് മുര്‍മുവിന് കിട്ടിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. കേരളനിയമസഭയിലെ 140 എംഎല്‍എമാരില്‍ ഒരാളുടെ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചെന്നാണ് സംശയം. ഈ വോട്ട് അബദ്ധത്തില്‍ വീണതാണോ മറിച്ചു കുത്തിയതാണോ എന്നതില്‍ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.അറുപത് ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് മുര്‍മുവിന്റെ വിജയം. അറുപത് ശതമാനം വോട്ട് നേടുക എന്ന ബിജെപി ലക്ഷ്യവും ഇതോടെ നിറവേറി. 7.02 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആ നേട്ടം മറികടക്കാനാവില്ല എന്ന് വ്യക്തമായിരുന്നു. 6.76 ലക്ഷം വോട്ടുമൂല്യമാണ് മുര്‍മുവിന് നേടിയത്. 3.70 ലക്ഷം ആണ് യശ്വന്ത് സിന്‍ഹയ്ക്ക് കിട്ടിയത്. 3.65 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി നേടിയത്.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് പ്രതീക്ഷിച്ചതിലുമേറെ വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. അസ്സം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കാര്യമായ ക്രോസ്സ് വോട്ടിംഗ് നടന്നുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷമുള്ള കണക്കുകള്‍ പുറത്തു വരണം.ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മുപ്പത് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചത്. അതിനു മുന്‍പായി എംപിമാരുടെ വോട്ടുകള്‍ എണ്ണി തീര്‍ത്തിരുന്നു. 

ആകെ 663 എംപിമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ഇതില്‍ 15 വോട്ടുകള്‍ അസാധവുമായി. സാധുവായ വോട്ടുകളില്‍ 540 വോട്ടുകള്‍ ദ്രൗപദി മുര്‍മുവിന് കിട്ടി. 208 വോട്ടുകള്‍ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചു. എംപി വോട്ടുകളില്‍ 72 ശതമാനത്തോളം ദ്രൗപദി മുര്‍മു നേടി.കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍,പഞ്ചാബ്,മേഘാലയ, മിസ്സോറാം, ഒഡീഷ, നാഗാലാന്‍ഡ് എന്നീ പത്ത് സംസ്ഥാനങ്ങളിലെ വോട്ടുകള്‍ രണ്ടാം റൗണ്ടില്‍ ഒരുമിച്ചാണ് എണ്ണിയത്. അതില്‍ 812 വോട്ടുകള്‍ മുര്‍മുവിന് കിട്ടിയത്. 94,478 ആണ് വോട്ടുമൂല്യമായി കിട്ടിയത്. 521 വോട്ടുകളാണ് ഈ റൗണ്ടില്‍ യശ്വന്ത് സിന്‍ഹയ്ക്ക് കിട്ടിയത്. 71,186 ആണ് വോട്ടുമൂല്യം. ഈ റൗണ്ടില്‍ കേരളത്തില്‍ നിന്നുള്ള വോട്ടുകള്‍ സിന്‍ഹയ്ക്ക് കിട്ടിയെന്നാണ് അനുമാനിക്കുന്നത്. മൂന്നാം റൗണ്ടില്‍ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ള്ത്. 2017-ല്‍ 65 ശതമാനം വോട്ടുകളാണ് രാം നാഥ് കോവിന്ദ് നേടിയത്. അവസാന റൗണ്ടിലെ സംസ്ഥാനങ്ങളില്‍ പലതിലും പ്രതിപക്ഷം ശക്തമായതിനാല്‍ വലിയ ലീഡ് ബിജെപി പ്രതീക്ഷിക്കുന്നില്ല. 


Related News