വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് ജയം

  • 23/07/2022

ട്രിനിഡാഡ്: അവസാന ഓവര്‍ വരെ നീണ്ട ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം. 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.


ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഭാഗ്യം ഇന്ത്യയ്ക്കൊപ്പം നിന്നു. വെറും 3 റണ്‍സിന് കഷ്ടിച്ചായിരുന്നു ഇന്ത്യന്‍ ജയം. മറുപടി ബാറ്റിംഗില്‍ ഒന്ന് പതറിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി വിന്‍ഡീസ് ഞെട്ടിച്ചു. അഞ്ചാം ഓവറില്‍ ഷായ് ഹോപ്പ് (7) സിറാജിന്റെ പന്തില്‍ പുറത്തായി. പിന്നീട് ഷംര ബ്രൂക്സും, കെയ്ല്‍ മെയേഴ്സും ചേര്‍ന്ന് 117 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്തു. 24-ാം ഓവറില്‍ ബ്രൂക്സിനെ പവലിയനിലേക്ക് മടക്കി ഷാര്‍ദുല്‍ താക്കൂര്‍ കൂട്ടുകെട്ട് പൊളിച്ചു. 4 ബൗണ്ടറിയും 1 സിക്സും അടക്കം 61 പന്തില്‍ 46 റണ്‍സാണ് താരം നേടിയത്.

26-ാം ഓവറില്‍ താക്കൂര്‍ അപകടകാരിയായ മേയേഴ്‌സിനെയും പുറത്താക്കി. 68 പന്തില്‍ 10 ബൗണ്ടറിയും 1 സിക്സും സഹിതം 75 റണ്‍സാണ് മേയേഴ്‌സ് നേടിയത്. നാലാം വിക്കറ്റില്‍ കിംഗിനൊപ്പം ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ (25) 51 റണ്‍സിന്റെ കൂട്ടുകെട്ട് പങ്കിട്ടു. 66 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 54 റണ്‍സാണ് കിംഗ് അടിച്ചുകൂട്ടിയത്. എന്നാല്‍ രണ്ട് വിക്കറ്റ് കൂടി വീണതോടെ വിന്‍ഡീസ് വേഗത കുറഞ്ഞു. അകില്‍ ഹൊസൈനും, റൂഥര്‍ ഷെപ്പേര്‍ഡും ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചെങ്കിലും സിറാജ് വഴിമുടക്കി. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. സമര്‍ത്ഥമായി ബൗള്‍ ചെയ്ത സിറാജ് 11 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. നേരത്തെ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 308 റണ്‍സെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ഒന്നാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18-ാം ഓവറില്‍ ഗില്‍ റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു. 53 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 64 റണ്‍സാണ് താരം നേടിയത്. അദ്ദേഹത്തിന്റെ ആദ്യ ഏകദിന അര്‍ധ സെഞ്ച്വറിയാണിത്.

Related News