ഹോട്ടൽ തന്റെ പേരിൽ എഴുതി നൽകിയില്ല; ഉറങ്ങിക്കിടന്ന അച്ഛനെയും അമ്മയെയും മകൻ വെടിവെച്ച് കൊന്നു

  • 23/07/2022

ദില്ലി: ഹോട്ടൽ തന്റെ പേരിൽ എഴുതി നൽകാത്തതിന് അച്ഛനെയും അമ്മയെയും മകൻ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഝജ്ജര്‍ റോഡിലെ വാര്‍ഡ് 18ലാണ് സംഭവം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഇരട്ടക്കൊലപാതകം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് മൃതദേഹം കണ്ടെടുത്തു. 

58 കാരനായ ചന്ദ്രഭാനും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഒരു ഹോട്ടൽ നടത്തി വരികയായിരുന്നു ഇയാൾ. ഹോട്ടല് തന്‍റെ പേരില്‍ എഴുതി നൽകണമെന്നായിരുന്നു പ്രതിയായ മകൻ തരുണിന്റെ ആവശ്യം. എന്നാൽ ഇത് ചന്ദ്രഭാൻ നിഷേധിച്ചു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ അച്ഛനും അമ്മയും ഉറങ്ങിക്കിടക്കുമ്പോള്‍ തരുൺ ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ശബ്ദം കേട്ട് ഓടിയെത്തിയ തരുണിന്റെ ഭാര്യയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ചന്ദ്രഭാനെയും ഭാര്യയെയും കണ്ടത്. ഇവരാണ് സംഭവം പോലീസിനെ അറിയിച്ചത്. കൊലപാതകത്തിന് പിന്നാലെ തരുൺ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. പ്രതിക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related News