ചരിത്രം കുറിക്കാന്‍ ദ്രൗപദി മുർമു; സത്യപ്രതിജ്ഞ നാളെ, ദില്ലിയിൽ ആഘോഷം

  • 24/07/2022

ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു നാളെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്‍ക്കും. നാളെ രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകൾക്കും നാളെത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും. 

ദില്ലിയിലെ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ദ്രൗപദി മുർമുവിനെ അഭിനന്ദിക്കാൻ മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീട്ടിലെത്തി. നാളെ രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാർലമെൻറിൽ എത്തും. 

ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാ‍ർലമെൻറിൻറെ ഇരുസഭകളും നാളെ രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. പാർലമെൻറിന് ചുറ്റുമുള്ള 30 ഓഫീസുകൾക്ക് ഉച്ചവരെ അവധി നല്കിയിട്ടുണ്ട്. തിരികെ രാഷ്ട്രപതി ഭവൻ വരെ എത്തിയ ശേഷമായിരിക്കും രാംനാഥ് കോവിന്ദ് പുതിയ ഔദ്യോഗിക വസതിയിലേക്ക് മാറുക. 

സോണിയ ഗാന്ധിയുടെ വീടിന് തൊട്ടടുത്തുള്ള നേരത്തെ രാംവിലാസ് പസ്വാൻ താമസിച്ചിരുന്ന 9 ജൻപഥിലേക്കായിരിക്കും രാംനാഥ് കോവിന്ദ് മാറുക.  ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി നാളെ പുതിയ ചരിത്രം കുറിക്കുകയാണ് ദ്രൗപദി മുർമു.

Related News