വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര നേടി ഇന്ത്യ

  • 24/07/2022

ട്രിഡിനാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെ രണ്ടുവിക്കറ്റിനാണ് തോല്‍പ്പിച്ചത്. 312 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് പന്ത് ബാക്കിയിരിക്കെ മറികടന്നു. 35 പന്തില്‍ 64 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലാണ് കളിയിലെ താരം.

കൈല്‍ മേയേഴ്‌സ് എറിഞ്ഞ അന്‍പതാം ഓവറിലെ നാലാമത്തെ പന്ത് സിക്‌സര്‍ പറത്തിയാണ് അക്‌സര്‍ പട്ടേല്‍ ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിച്ചത്. 35 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സറുമടക്കമാണ് അക്‌സര്‍ പട്ടേല്‍ 64 റണ്‍സ് നേടിയത്. പതിനേഴ് ഓവറില്‍ 3ന് 79 എന്ന നിലയില്‍നിന്ന് ശ്രേയസ് അയ്യര്‍-സഞ്ജു സാംസണ്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. ശ്രേയസ് 71 പന്തില്‍ നാല് ഫോറും ഒരു സിക്‌സറുമടക്കം 63 റണ്‍സ് നേടി. 51 പന്തില്‍ മൂന്നു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെടെ 54 റണ്‍സാണ് സഞ്ജു നേടിയത്.ദീപക് ഹൂഡ 33ഉം ശുഭ്മാന്‍ ഗില്‍ 43 ഉം റണ്‍സ് നേടി. വിന്‍ഡീസിനായി അല്‍സാരി ജോസഫും കൈല്‍ മേയേഴ്‌സും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഷായ് ഹോപ്പിന്റെ സെഞ്ചുറി മികവിലാണ് വിന്‍ഡീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നൂറാം ഏകദിനം കളിച്ച ഹോപ്പ് എട്ടുഫോറും മൂന്ന് സിക്‌സറും സഹിതം 115 റണ്‍സ് സ്‌കോര്‍ ചെയ്തു.

Related News