കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഒന്‍പതു വയസ്സുകാരിയോട് ക്രൂരത; സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു

  • 25/07/2022

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഒന്‍പതുവയസ്സുള്ള പെണ്‍കുട്ടിയോട് വളര്‍ത്തമ്മയുടെ ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വളര്‍ത്തമ്മയായ 40 വയസുകാരി പൊള്ളലേല്‍പ്പിച്ചു. ഇവര്‍ ദത്തെടുത്ത കുട്ടിയെ തന്നെയാണ് ഉപദ്രിച്ചത്. വളര്‍ത്തമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. 

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. നാല്‍പ്പതുകാരിക്കെതിരെ ഐപിസി 294, 323, 324, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കുട്ടിയുടെ അടുത്ത ബന്ധുവാണ് ദത്തെടുത്ത് വളര്‍ത്തിയിരുന്ന സ്ത്രീ. രാത്രി കിടക്കിയില്‍ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞായിരുന്നു ക്രൂരത.

കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും തലമുടിയുള്‍പ്പെടെ പിഴുതെടുത്തുവെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് പല്ലവി പോര്‍വാള്‍ പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ നഖം കൊണ്ടുള്ള മുറിവുകളും കണ്ടെത്തിയതായും അവര്‍ പറഞ്ഞു. 

പോലീസ് ഈ കേസില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തുന്നത് പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം കുട്ടിയുടെ ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാരുമായി വിശദമായി സംസാരിച്ച ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലുണ്ടെന്നുമാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

 

Related News