രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തു

  • 26/07/2022

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിലും വിലക്കയറ്റത്തിലും പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍. കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ് തുടങ്ങിയ എം.പി.മാരെ പോലീസ് റോഡില്‍ വലിച്ചിഴച്ചു. രാഷ്ടപതി ഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വിജയ്ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു നടപടി.

രാഹുലിനൊപ്പം ഉണ്ടായിരുന്ന കെ.സി. വേണുഗോപാല്‍ അടക്കമുള്ള എം.പി.മാരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെ ഇവരെ വാനില്‍ കയറ്റിയെങ്കിലും രാഹുലിനെ കസ്റ്റഡിയിലെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായില്ല. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു തുടങ്ങിയതോടെ രാഹുലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.അതിനിടെ, സോണിയയെ ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് തീവണ്ടി തടയുന്നത് ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് തടഞ്ഞ് എല്ലാ കോണ്‍ഗ്രസ് എംപിമാരേയും വിജയ് ചൗക്കില്‍ തടഞ്ഞുനിര്‍ത്തി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. 

ഇപ്പോള്‍ ഞങ്ങളെ പോലീസ് ബസുകളില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മാത്രം അറിയാവുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുകയാണ്', കോണ്‍ഗ്രസ് വാക്താവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.ഇന്ത്യ പോലീസ് രാജ്യമായി മാറിയെന്നും മോദി രാജാവാണെന്നും അറസ്റ്റിന് മുമ്പായി രാഹുല്‍ പ്രതികരിച്ചു.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായത്. സോണിയയെ ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാവിലെ 10 മുതല്‍ വിട്ടയയ്ക്കുംവരെ ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളില്‍ സത്യാഗ്രഹം നടത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. ആദ്യദിനം സോണിയയെ ഇ.ഡി. രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Related News