കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് വിവാഹം; യുവതിയേയും യുവാവിനേയും പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

  • 26/07/2022

ചെന്നൈ: കുടുംബത്തിന്റെ ഇഷ്ടത്തിനെതിരായി വിവാഹം കഴിച്ച യുവാവിനേയും യുവതിയേയും പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. രേഷ്മ, മാണിക് രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. 

ഒരേ സമുദായക്കാരും അകന്ന ബന്ധുക്കളും കൂടിയാണ് മരിച്ച രേഷ്മയും മാണിക് രാജും. രേഷ്മ കോളേജ് വിദ്യാര്‍ഥിനിയാണ്. മാണിക് രാജ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പഠനം ഉപേക്ഷിച്ചിരുന്നു. ഇതായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ എതിര്‍പ്പിന് കാരണം. 

മാണിക് രാജും രേഷ്മയും വിവാഹിതരായതിന് പിന്നാലെ രേഷ്മയെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. മധുര പോലീസ് സ്‌റ്റേഷനില്‍ ഹാജരായ ദമ്പതിമാര്‍ തങ്ങളിരുവരും പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മൊഴി നല്‍കി. രേഷ്മയുടെ ബന്ധുക്കളുമായി സ്റ്റേഷനില്‍ നിന്നു തന്നെ ഇവര്‍ വീഡിയോ കോള്‍ ചെയ്തു സംസാരിച്ചിരുന്നു. 

ദമ്പതിമാര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. രേഷ്മയും മാണിക് രാജും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ഇവരെ കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ് സ്‌റ്റേഷനില്‍ കീഴങ്ങിയതായി പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Related News