ബംഗാളില്‍ 38 തൃണമൂല്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി ബന്ധമെന്ന് മിഥുന്‍ ചക്രവര്‍ത്തി

  • 27/07/2022

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 38 എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയുമായി സമ്പര്‍ക്കമുണ്ടെന്ന് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി. അതില്‍ 21 പേര്‍ താനുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും മിഥുന്‍ ചക്രവര്‍ത്തി അവകാശപ്പെട്ടു. 

പശ്ചിമബംഗാളില്‍ ബിജെപി ഓപ്പറേഷന്‍ താമരയ്ക്ക് പദ്ധതിയിടുന്നതായും തൃണമൂല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോപ്പുകൂട്ടുകയാണെന്നുമുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണത്തിന് പിന്നാലെയാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസ്താവന.'നിങ്ങള്‍ ബ്രേക്കിങ് ന്യൂസ് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോള്‍, 38 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഞങ്ങളുമായി നല്ല ബന്ധത്തിലാണ്, അതില്‍ 21 പേര്‍ക്ക് ഞാനുമായി നേരിട്ട് ബന്ധമുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് വിട്ടിരിക്കുന്നു'. കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മിഥുന്‍ ചക്രവര്‍ത്തി അറിയിച്ചു.കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് ട്രെയിലര്‍ റിലീസ് ചെയ്യാന്‍ തന്നോട് ആവശ്യപ്പെടരുതെന്നും നിങ്ങള്‍ ഇതൊക്കെ ആസ്വദിക്കൂ എന്നുമായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രതികരണം. മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും ഒരാള്‍ പോലും മിഥുന്‍ ചക്രവര്‍ത്തിയുടെ വാക്കുകള്‍ വിശ്വസിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. അദ്ദേഹം ആശുപത്രിയിലാണെന്ന് കേട്ടിരുന്നു, രോഗം ശാരീരികമല്ല മാനസികമാണെന്നാണ് എനിക്ക് തോന്നുന്നത്. തൃണമൂല്‍ എംപി ശന്തനു സെന്‍ പറഞ്ഞു.മഹാരാഷ്ട്രയില്‍ ശിവസേനയില്‍ പിളര്‍പ്പുണ്ടായതും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീണതും ബിജെപിയുടെ പിന്‍കളിയാണെന്നും ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാളാണെന്ന് മനസിലാക്കിയതായും രണ്ട് ദിവസം മുമ്പ് മമത ആരോപിച്ചിരുന്നു. ബംഗാളില്‍ ഇത്തരം കരുക്കളുമായെത്തിയാല്‍ ബിജെപി കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന് മമത മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Related News