ശക്തമായ കാറ്റും മഴയും : ഒമാനിൽ കുട്ടിയുൾപ്പെടെ 2 പേർ മുങ്ങിമരിച്ചു

  • 29/07/2022




മസ്കത്ത്:∙ ശക്തമായ കാറ്റും മഴയും തുടരുന്ന ഒമാനിൽ കുട്ടിയുൾപ്പെടെ 2 സ്വദേശികൾ മുങ്ങിമരിച്ചു. ദുരിബാധിതമേഖലകളിൽ കുടുങ്ങിയ ഒട്ടേറെ പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. മരങ്ങൾ കടപുഴകി. ചില റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്. നിസ്‌വ വിലായത്തിൽ മലനിരകളിൽ നിന്നു കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ മുങ്ങിയാണ് കുട്ടി മരിച്ചത്.

ഇബ്രി വിലായത്തിലെ വാദി അൽ ഹജർ ഡാമിൽ 20 വയസ്സുകാരനാണ് മുങ്ങിമരിച്ചത്. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുസണ്ടം ഗവർണറേറ്റിലെ മദ്ഹ വിലായത്തിൽ വീടുകളിൽ കുടുങ്ങിയവരെ റോയൽ എയർഫോഴ്സും പൊലീസ് ഏവിയേഷൻ വിഭാഗവും ചേർന്നു രക്ഷപ്പെടുത്തി. ജനങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി.

മദ്ഹ, നിയാമത് മലയോരമേഖലകളിൽ കുടുങ്ങിയ 200 പേരെയും ഷിനാസിൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന  വാഹനത്തിൽ കുടുങ്ങിയ 2 പേരെയും രക്ഷപ്പെടുത്തി. കനത്ത മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലാണ്. സുഹാർ, ബർഖ, സഹം, സുവൈഖ്, ഷിനാസ്, ജബൽ അഖ്ദർ, മബേല, ഖുറിയാത്ത്, ലിവ, ഇബ്രി, ഖാബുറ, നഖൽ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

Related News