ചിക്കന്‍ കബാബിന് ടേസ്റ്റ് പോര; ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

  • 01/08/2022

ബെംഗളൂരു: ചിക്കന്‍ കബാബിന് രുചിപോരെന്ന് പറഞ്ഞ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. ബെംഗളൂരു ബെന്നാര്‍ഘട്ടയ്ക്കു സമീപം അരീക്കെരെ ലേഔട്ടിലാണ് സംഭവം ഉണ്ടായത്. വസ്ത്രനിര്‍മാണശാലയിലെ ജീവനക്കാരനും കുടക് സ്വദേശിയുമായ സുരേഷിനെ (48) ആണ് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ഭാര്യ ശാലിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സുരേഷ് ശാലിനിയോട് ചിക്കന്‍ കബാബുണ്ടാക്കാനാവശ്യപ്പെട്ടത്. കബാബ് ഉണ്ടാക്കിയപ്പോള്‍ ഇതിന് രുചിപോരെന്ന് കുറ്റപ്പെടുത്തി ഭാര്യയുമായി വഴക്കിട്ടശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കരച്ചില്‍കേട്ടെത്തിയ സമീപവാസികളാണ് ശാലിനിയെ ആശുപത്രിയിലെത്തിച്ചത്. 

സംഭവത്തിന് ശേഷം സുരേഷ് ഓടിരക്ഷപ്പെട്ടു. ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് സുരേഷിനെ വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ശാലിനി മരിച്ചെന്നുകരുതിയാണ് സുരേഷ് ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

Related News