വിവിധ രംഗങ്ങളിൽ 11000 സ്റ്റാർട്ടപ്പുകൾ ദുബായിൽ ആരംഭിച്ചതായി അധികൃതർ

  • 03/08/2022



ദുബായ്: ചെറുകിട -ഇടത്തരം സംരംഭങ്ങൾ (എസ്എംഇകൾ, ദ് മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്മെന്റ് ഫോർ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) വഴി 20 വർഷം കൊണ്ട് വിവിധ രംഗങ്ങളിൽ 11000 സ്റ്റാർട്ടപ്പുകൾ ദുബായിൽ ആരംഭിച്ചതായി അധികൃതർ. ദുബായിയെ ലോകത്തിന്റെ വ്യവസായ കേന്ദ്രമാക്കി വളർത്തുന്നതിൽ ഇവ നിർണായക പങ്കുവഹിക്കുന്നതായും ചൂണ്ടിക്കാട്ടി. ദുബായിൽ 45000 സംരംഭകർ എസ്എംഇ വഴി ഉണ്ടായി.

എസ്എംഇകൾക്ക് 472 കോടിയിലധികം രൂപ വായ്പ നൽകാൻ മുഹമ്മദ് ബിൻ റാഷിദ് ഫണ്ട് വഴി സാധിച്ചു. 18000 കോടിയിലധികം രൂപയുടെ കരാറുകൾ ജിപിപി (ഗവ.പ്രൊക്യൂർമെന്റ് പ്രോഗ്രാം) വഴി നൽകി. ദുബായ് എസ്എംഇയുടെ വിദ്യാഭ്യാസ സംരംഭമായ ദുബായ് ഒൻട്രപ്രനർഷിപ് അക്കാദമിയിലൂടെ 39000 പേർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകി. ദുബായിലെ ആകെ കമ്പനികളിൽ 99.2% എസ്എംഇകളാണ്. തൊഴിൽ സേനയുടെ 50.5%  ഈ മേഖലയിലാണ്.

കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ് ചെറുകിട- ഇടത്തരം സംരംഭങ്ങൾ ദുബായിൽ മുന്നേറുന്നതെന്ന് ദുബായ് ഇക്കോണമി ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ ഹിലാൽ സയീദ അൽമർറി ചൂണ്ടിക്കാട്ടി. 2021ൽ മാത്രം വിവിധ മേഖലകളിൽ 2031 ചെറുകിട-ഇടത്തരം സംരംഭങ്ങൾ ദുബായിൽ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിന് ലോകത്തു തന്നെ ആദ്യമായി സാങ്കേതിക മികവുള്ള ബീഹൈവ് എന്ന സംവിധാനം ആരംഭിച്ചതും ദുബായിലാണ്. ആദ്യ ഡിജിറ്റൽ ക്രൗഡ് ഫണ്ടിങ് സംവിധാനമായ ദുബായ് നെക്സ്റ്റ് ആരംഭിക്കാനും ദുബായ് എസ്എംഇയ്ക്കു സാധിച്ചു. ഹംദാൻ ഇന്നവേഷൻ ഇൻക്യുബേറ്റർ വഴി 690 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചതായും അറിയിച്ചു.

Related News