ഹണിമൂണ്‍ യാത്രക്കിടെ വഴക്ക്; ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളി, യുവാവ് പിടിയില്‍

  • 03/08/2022

ചെന്നൈ: തമിഴ്നാട്ടില്‍ ഹണിമൂണ്‍ യാത്രക്കിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തില്‍ തള്ളിയ യുവാവ് പിടിയില്‍. ചെന്നൈ സ്വദേശി മദന്‍ ആണ് പിടിയിലായത്. ചെന്നൈ പുഴല്‍ കതിര്‍വേട് സ്വദേശി തമിഴ്‌ശെല്‍വിയെയാണ് മദന്‍ കൊലപ്പെടുത്തിയത്.

വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിനൊടുവില്‍ നാലു മാസം മുമ്പായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്. റെഡ് ഹില്‍സിന് സമീപം സെങ്കുണ്ട്രത്തായിരുന്നു തമിഴ്ശെല്‍വിയും ഭര്‍ത്താവ് മദനും താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് യുവതിയെ കാണാതായായത്. മകളെ ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് തമിഴ്ശെല്‍വിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.

ആന്ധ്രപ്രദേശിലെ കോണിയ പാലസ് സന്ദര്‍ശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നാണ് മദൻ പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ കോണിയ പാലസിലേക്ക് മദനും തമിഴ്ശെൽവിയും ബൈക്കിൽ വരുന്നതും പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സിസിടിവി ക്യാമറകളില്‍നിന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് വെള്ളച്ചാട്ടത്തില്‍ നടത്തിയ തിരച്ചിലില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെടുത്തു.

സെങ്കുണ്ട്രം പോലീസ് മദനനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. ഹണിമൂൺ യാത്രയ്ക്കിടെ വഴക്കുണ്ടായെന്നും തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം വെള്ളച്ചാട്ടത്തിൽ തള്ളുകയായിരുന്നെന്നും മദൻ പോലീസിനോട് സമ്മതിച്ചു.
 

Related News