പ്രണയം നിരസിച്ചു; യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി, പ്രതികള്‍ പിടിയില്‍

  • 03/08/2022

ചെന്നൈ: പ്രണയം നിരസിച്ച യുവതിയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോയ പ്രതികള്‍ അറസ്റ്റില്‍. പതിനഞ്ചുപേരടങ്ങുന്ന സംഘമാണ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് മയിലാടുതുറൈ സ്വദേശി വിഘ്‌നേശ്വരനെ(34)യും ഇയാളുടെ രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് മോചിപ്പിച്ചു. 

കഴിഞ്ഞദിവസം രാത്രി തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലാണ് സംഭവം ഉണ്ടായത്. തഞ്ചാവൂർ ആടുതുറൈ ഗഞ്ചമെട്ടുതെരു സ്വദേശി നാഗരാജന്‍റെ മകൻ വിഘ്നേശ്വരന്‍റെ നേതൃത്വത്തിലായിരുന്നു അതിക്രമം. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് വിഘ്‌നേശ്വരനും മറ്റു 14 പേരും യുവതിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ കത്തിയും മറ്റു ആയുധങ്ങളും കാണിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

യുവതിയുടെ വീട്ടുകാര്‍ മയിലാടുതുറൈ പോലീസിനെ വിവരമറിയിച്ചു. ഉടന്‍തന്നെ പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയും ദേശീയപാതയില്‍വെച്ച് പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തുകയും ചെയ്തു. കാര്‍ പിന്തുടര്‍ന്ന പോലീസ് സംഘം വാഹനത്തിലുണ്ടായിരുന്ന പ്രതികളെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു.

വിഘ്നേശ്വരന്‍ മയിലാടുതുറയിലെ മുത്തശ്ശിയുടെ വീട്ടിൽ വിരുന്നുവന്ന് താമസിക്കുമ്പോൾ പരിചയപ്പെട്ടതാണ് യുവതിയെ. ആദ്യം ഇയാളുമായി സൗഹൃദത്തിലായിരുന്ന പെൺകുട്ടി ആളെ അടുത്തറിഞ്ഞതോടെ സ്നേഹബന്ധം അവസാനിപ്പിക്കുകയായിരുന്നു.  

Related News