ഒമാന്റെ വടക്കന്‍ മേഖലയില്‍ മഴ തുടരുന്നു: വിവിധ ഇടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു

  • 04/08/2022



മസ്‌കത്ത്:∙ ഒമാന്റെ വടക്കന്‍ മേഖലയില്‍ മഴ തുടരുന്നു. ഇബ്രി, മഹ്ദ, ബഹ്ല, ബുറൈമി, ദങ്ക്, അവാബി, ഇബ്ര, യങ്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബുധനാഴ്ച ശക്തമായ മഴ ലഭിച്ചു. വാദികള്‍ നിറഞ്ഞൊഴുകി. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വിവിധ ഇടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. റോഡുകള്‍ പലരും തകര്‍ന്നു. വീടുകളിലും കടകളിലും വെള്ളം കയറി. താമസ കെട്ടിടങ്ങളില്‍ അടക്കം ചെളി നിറഞ്ഞു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. കെട്ടിടങ്ങള്‍ നിരവധി തകരുകയും മേല്‍ക്കൂര ഇളകുകയും ചെയ്തു. ഇത്തരം സ്ഥലങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഏറെക്കുറെ പുനഃസ്ഥാപിച്ചു. 

റുസ്താഖ് വിലായത്തില്‍ മഴയിലും മലവെള്ളപ്പാച്ചിലിലും കാറ്റിലും 100 ഓളം വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ നാസര്‍ ബിന്‍ ഖാമിസ് അല്‍ ജശ്മിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി സാഹചര്യങ്ങള്‍ വിലിയിരുത്തി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വിവിധ വിലായത്തുകളില്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. മഴയില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. 

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അവാബി വിലായത്തിലാണ്. 291 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. ആഗസ്ത് ഒന്ന്, രണ്ട് തീയതികളിലാണ് കണക്കുകളാണ് കാര്‍ഷിക, മത്സ്യ-ജലവിഭവ മന്ത്രാലയം പുറത്തുവിട്ടത്. അല്‍ ഹംറ (219 മില്ലിമീറ്റര്‍), ബഹ്ല (50 മില്ലിമീറ്റര്‍), ഇബ്ര (45 മില്ലിമീറ്റര്‍), മനാഹ് (38 മില്ലിമീറ്റര്‍), മുദൈബി (35 മില്ലിമീറ്റര്‍) എന്നിങ്ങിനയാണു മറ്റു വിലായത്തുകളില്‍ ലഭിച്ച മഴയുടെ അളവ്.

Related News