എസ്.എസ്.എല്‍.വി കൗണ്ട്ഡൗണ്‍ തുടങ്ങി

  • 07/08/2022

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ.എസ്.ആര്‍.ഒ. രൂപകല്പന ചെയ്ത സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എല്‍.വി.) ആദ്യവിക്ഷേപണം ഞായറാഴ്ച രാവിലെ നടക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും എസ്.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിക്കും.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന് മുന്നോടിയായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണം കാണാന്‍ പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ക്ഷണിച്ചിട്ടുണ്ട്. രാവിലെ 9.18-ന് നടക്കുന്ന വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി. വിക്ഷേപണത്തിന് ആറര മണിക്കൂറു മുമ്പാണ് കൗണ്ട്ഡൗണ്‍ തുടങ്ങിയത്. നിര്‍മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എല്‍.വി. വിക്ഷേപണ സജ്ജമാക്കാന്‍ കുറച്ചു സമയം മതി എന്നതുകൊണ്ടാണ് കൗണ്ട്ഡൗണ്‍ സമയം കുറച്ചത്. ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്കുകൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്.എസ്.എല്‍.വി.ക്കു രൂപം നല്‍കിയത്.രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യസംരംഭകര്‍ക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാവും. ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ എന്‍.എസ്.ഐ.എലിനായിരിക്കും അതിന്റെ ചുമതല. 72 മണിക്കൂര്‍കൊണ്ട് വിക്ഷേപണ സജ്ജമാക്കാംരണ്ടു മീറ്റര്‍ വ്യാസവും 34 മീറ്റര്‍ ഉയരവുമുള്ള എസ്.എസ്.എല്‍.വി. നിര്‍മിക്കാന്‍ 30 കോടി രൂപയേ ചെലവുവരൂ. ആറുപേര്‍ മാത്രമടങ്ങുന്ന സംഘത്തിന് 72 മണിക്കൂര്‍കൊണ്ട് ഇതിനെ വിക്ഷേപണസജ്ജമാക്കാന്‍ പറ്റും. എട്ടു കിലോഗ്രാം മാത്രമുള്ള ആസാദിസാറ്റിനെയും പ്രധാന ഉപഗ്രഹമായ ഇ.ഒ.എസ്.-02 നെയും ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്.എസ്.എല്‍.വി.ക്ക് 12 മിനിറ്റു സമയം മതി. ഭൂപടനിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്കാണ് ഇ.ഒ.എസ്.-02 പ്രധാനമായും ഉപയോഗിക്കുക.പെണ്‍കുട്ടികളില്‍ ശാസ്ത്രഗവേഷണാഭിരുചി വളര്‍ത്തുകയെന്നത് ലക്ഷ്യമിട്ടാണ് ആസാദി സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹത്തെ എസ്.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിക്കുന്നത്. ബഹിരാകാശ ഗവേഷണസ്ഥാപനമായ സ്പേസ് കിഡ്‌സിന്റെ നേതൃത്വത്തില്‍ ഈ ഉപഗ്രഹനിര്‍മാണത്തില്‍ പങ്കാളികളായവരില്‍ കേരളത്തിലെ മങ്കട, ചേരിയം ജി.എച്ച്.എസിലെ പത്തു കുട്ടികളും ഉള്‍പ്പെടുന്നു

Related News