ദുര്‍മന്ത്രവാദം; അഞ്ച് വയസ്സുള്ള മകളെ അടിച്ചുകൊന്ന് മാതാപിതാക്കള്‍

  • 07/08/2022

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരിൽ അഞ്ച് വയസ്സുള്ള മകളെ മാതാപിതാക്കള്‍ അടിച്ചുകൊന്നു. നാഗ്പൂരിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ പിതാവ് സിദ്ധാർത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബൻസോദ് (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അടിയേറ്റ കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. 

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. യൂട്യൂബിൽ പ്രാദേശിക വാർത്താ ചാനൽ നടത്തുന്ന സുഭാഷ് നഗർ നിവാസിയായ ചിമ്‌നെ, കഴിഞ്ഞ മാസം ഗുരുപൂർണിമ ദിനത്തിൽ ഭാര്യയ്ക്കും 5 ഉം 16 ഉം വയസ്സുള്ള രണ്ട് പെൺമക്കള്‍ക്കുമൊപ്പം തകൽഘട്ടിലെ ഒരു ദർഗയിൽ പോയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടര്‍ന്ന് തന്റെ ഇളയ മകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളിൽ സംശയം തോന്നിയ ഇയാൾ അവളെ ചില ദുഷ്ടശക്തികൾ പിടികൂടിയിട്ടുണ്ടെന്ന് വിശ്വസിച്ചു. അതിന് പ്രതിവിധിയായാണ് 'ബ്ലാക്ക് മാജിക്' ചെയ്യാൻ തീരുമാനിച്ചത്. 

പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുവും രാത്രിയിൽ ചടങ്ങുകൾ നടത്തുകയും ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. മൂന്ന് പ്രതികളും കുട്ടിയെ തല്ലുകയും മർദിക്കുകയും ചെയ്തു. തുടർന്ന് അവൾ ബോധരഹിതയായി നിലത്തു വീണു. ശനിയാഴ്ച പുലർച്ചെ പ്രതികൾ കുട്ടിയെ ദർഗയിലേക്ക് കൊണ്ടുപോയി. പിന്നീട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന് സംശയം തോന്നി അവരുടെ കാറിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി. ആശുപത്രിയിലെ ഡോക്ടർമാർ പെൺകുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും വിവരം പോലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു.

Related News