ബീഹാറിന്റെ ഭാവി ഇന്നറിയാം; നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗം ഇന്ന്

  • 09/08/2022

പട്ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമോ, തുടരുമോ എന്നത് ഇന്നറിയാം. നിതീഷ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നിര്‍ണായക യോഗം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും. 

അതേസമയത്തുതന്നെ റാബ്റി ദേവിയുടെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരുടേയും യോഗം ചേരും. ഇരുപാര്‍ട്ടി യോഗങ്ങളിലും എംഎല്‍എമാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടത് , കോണ്‍ഗ്രസ് നേതാക്കളും റാബ്റി ദേവിയുടെ വീട്ടിലെ യോഗത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.ജെ.ഡി.യു.വും ബി.ജെ.പി.യും തമ്മിലുള്ള ചേരിപ്പോരുകളും അഭ്യൂഹങ്ങള്‍ക്കുമിടെ കഴിഞ്ഞ ദിവസമാണ് എം.പി.മാരോടും എം.എല്‍.എ.മാരോടും ഉടന്‍ തലസ്ഥാനമായ പട്‌നയിലെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്.പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി. ബന്ധമുപേക്ഷിച്ചാല്‍ ജെ.ഡി.യു.വുമായി സഹകരിക്കാമെന്ന് മുഖ്യ പ്രതിപക്ഷമായ ആര്‍.ജെ.ഡി. നേതൃത്വം ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സഖ്യം വിട്ടുവന്നാല്‍ ജെ.ഡി.യു.വിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും പറഞ്ഞു. 243 അംഗ ബിഹാര്‍നിയമസഭയില്‍ 80 സീറ്റുമായി ആര്‍.ജെ.ഡി.യാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പി.ക്ക് 77 സീറ്റും ജെ.ഡി.യു.വിന് 55 സീറ്റുമാണുള്ളത്. ആര്‍.ജെ.ഡി.യുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

Related News