12,000 രൂപയില്‍ കുറവുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ നിരോധിക്കാൻ ഇന്ത്യ

  • 09/08/2022



ദില്ലി: 12,000 രൂപയില്‍ കുറവുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഷവോമി പോലുള്ള ഇന്ത്യന്‍ വിപണിയിലെ മുന്‍നിര മൊബൈല്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. ആഭ്യന്തര വ്യവസായത്തിന് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം വരാന്‍ ഇടയാകുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയിലെ വിലകുറഞ്ഞ ഫോണുകളുടെ വിപണിയില്‍ നിന്നും ചൈനീസ് കമ്പനികളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ചൈറിയ വിലക്കുറവുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ചൈനീസ് ഫോണുകള്‍ മേധാവിത്വം നേടുന്നത് വളരെ ഗൌരവമേറിയ വിഷയമാണെന്നും ഇത് തീര്‍ച്ചയായും അഭിസംബോധന ചെയ്യേണ്ട കാര്യമാണെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത് എന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഈ റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയുടെ എൻട്രി ലെവൽ സ്മാര്‍ട്ട് ഫോണ്‍ മാർക്കറ്റിൽ നിന്ന് നിരോധിക്കാനുള്ള നീക്കം ഷവോമി അടക്കം ചൈനീസ് ബ്രാന്‍റുകള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കും. ഈ കമ്പനികളുടെ സ്വന്തം വിപണിയായ ചൈനയില്‍ കൊവിഡ് കാല തിരിച്ചടികള്‍ നേരിട്ടപ്പോഴും ചൈനീസ് ബ്രാന്‍റുകള്‍ ശക്തരായി തുടര്‍ന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ വിപണിയിലെ പങ്കാളിത്തത്തിലൂടെയായിരുന്നു. 2022 ജൂൺ വരെയുള്ള പാദത്തിൽ 12,000ത്തിന് താഴെയുള്ള സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയുടെ വിൽപ്പന അളവിന്റെ മൂന്നിലൊന്ന് ചൈനീസ് ബ്രാന്‍റുകളാണ് നേടിയത് എന്നാണ് വിപണി ട്രാക്കർ കൗണ്ടർപോയിന്‍റ് പറയുന്നത്. ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 80 ശതമാനം ചൈനീസ് ബ്രാന്‍റുകളാണ് എന്നും കണക്കുകള്‍ പറയുന്നു.

നരേന്ദ്ര മോദി സർക്കാർ ചൈനീസ് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ അതിന് മുന്‍പ് ഔപചാരികമായോ, അനൌദ്യോഗികമായോ ചൈനീസ് കമ്പനികളുമായി വിഷയത്തില്‍ കേന്ദ്രം സംസാരിക്കുമോ എന്ന് വ്യക്തമല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം ചൈനീസ് കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമീപ മാസങ്ങളില്‍ സാമ്പത്തിക അന്വേഷണങ്ങള്‍ ശക്തമാക്കിയിരുന്നു. ഷവോമി, ഒപ്പോ, വിവോ എന്നീ കമ്പനികള്‍ക്കെതിരെ ഇ.ഡി അന്വേഷണം നടക്കുകയാണ്. വിവോ ഡയറക്ടര്‍മാര്‍ അന്വേഷണത്തെതുടര്‍ന്ന് ഇന്ത്യ വിട്ടു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Related News