ജസ്റ്റിസ് യു.യു ലളിത് സുപ്രീം കോടതി ചീഫ്ജസ്റ്റിസ്

  • 10/08/2022

ദില്ലി: ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി ഇന്ന് വൈകീട്ട് നിയമന ഉത്തരവ് പുറത്തിറക്കി. ഈ മാസം 27നാണ് സത്യപ്രതിജ്ഞ. നിലവിലുള്ള ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഓഗസ്റ്റ് 26ന് വിരമിക്കും. 

ചീഫ് ജസ്റ്റിസ് എന്‍.വി.രമണ കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് യു.യു.ലളിത്. സുപ്രീംകോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു.യു .ലളിത്. ജസ്റ്റിസ് എസ്.എം.സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്.ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റീസ് എന്‍.വി.രമണ ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ജസ്റ്റിസാണ് യു.യു.ലളിതിന്റെ പേര് നിര്‍ദേശിച്ചുള്ള ശുപാര്‍ശ അദ്ദേഹം കൈമാറിയത്. നിയമ മന്ത്രാലയം കൈമാറിയ ഈ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി.

1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014ല്‍ ആണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. അതിനു മുമ്പ് 2 ജി സ്‌പെക്ട്രം കേസില്‍ സിബിഐയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി യു.യു.ലളിത് ഹാജരായിരുന്നു.പുതിയ ചീഫ് ജസ്റ്റീസിനെ ശുപാര്‍ശ ചെയ്യാന്‍ നേരത്തെ സുപ്രീംകോടതി കൊളീജിയം യോഗം ചേര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ജസ്റ്റിസുമാരായ യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് കൊളീജിയത്തിലെ അംഗങ്ങള്‍. കൊളീജിയത്തിന്റെ തീരുമാനമാണ് ചീഫ് ജസ്റ്റിസ് ശുപാര്‍ശയായി കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്.

Related News