ശശി തരൂരിന് ഫ്രഞ്ച് സർക്കാരിൻ്റെ പരമോന്നത സിവിലിയൻ പുരസ്കാരം

  • 11/08/2022

 



ദില്ലി: തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് അന്താരാഷ്ട്ര പുരസ്കാരം. ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണേര്‍ ആണ് തരൂരിനെ തേടിയെത്തിയത്. 

ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറാണ് പുരസ്കാരത്തിനായി തരൂരിനെ തെരഞ്ഞെടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ പുരസ്കാരം അദ്ദേഹത്തിന് കൈമാറും. പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലുള്ള ശശി തരൂരിൻ്റെ സംഭവാനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം. രാജ്യത്തെ പരമോന്നത പുരസ്കാരം നൽകിയ ഫ്രഞ്ച് സര്‍ക്കാരിനെ തൻ്റെ നന്ദിയറിയിക്കുന്നതായി തരൂര്‍ ട്വിറ്ററിൽ കുറിച്ചു.

നന്ദി... ഫ്രാൻസുമായുള്ള നമ്മുടെ ബന്ധത്തെ വിലമതിക്കുകയും ഭാഷയെ സ്നേഹിക്കുകയും സംസ്കാരത്തെ ആരാധിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ, ഈ രീതിയിൽ അംഗീകരിക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു. ഇങ്ങനെയൊരു പുരസ്കാരത്തിനായി എന്നെ തെരഞ്ഞെടുത്തതിന് ഒരുപാട് നന്ദി.

1802-ൽ നെപ്പോളിയൻ ബോണപ്പാര്‍ട്ടെ ആണ് സമൂഹത്തിന് മികച്ച സേവനം നൽകുന്നവരെ ആദരിക്കുന്നതിനായി ഇങ്ങനെയൊരു പുരസ്കാരം ഏര്‍പ്പെടുത്തിയത്. ഇതാദ്യമായല്ല മറ്റൊരു രാജ്യത്തിൻ്റെ ഉന്നത സിവിലിയൻ പുരസ്കാരം തരൂരിനെ തേടിയെടുത്തുന്നത്. 2010ൽ സ്പാനിഷ് സര്‍ക്കാരിൻ്റെ പരമോന്നത സിവിലിയൻ ബഹുമതി സ്പെയിൻ രാജാവ് തരൂരിന് സമ്മാനിച്ചിരുന്നു. 

രാഷ്ട്രീയത്തിൽ സജീവമാകും മുൻപ് അന്താരാഷ്ട്രതലത്തിൽ പേരെടുത്ത ഇന്ത്യൻ നയതന്ത്രവിദഗ്ധദ്ധനായിരുന്ന തരൂരിന് വിവിധ രാഷ്ട്രങ്ങളിൽ അടുത്ത ബന്ധങ്ങളും സ്വീകാര്യതയമുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഫ്രഞ്ച് എംബസി സംഘടിപ്പിച്ച പരിപാടിയിൽ ഫ്രഞ്ച് ഭാഷയിൽ സംസാരിച്ച് തരൂര്‍ കൈയടി നേടിയിരുന്നു. 

യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയെന്ന നിലയിൽ നീണ്ട കാലത്തെ പ്രവര്‍ത്തന പരിചയമുള്ള തരൂരിൻ്റെ അന്നത്തെ പല സുഹൃത്തുകളും അദ്ദേഹത്തെ പോലെ രാഷ്ട്രീയത്തിലേക്ക് എത്തുകയും അവരിൽ ചിലര്‍ വിവിധ രാജ്യങ്ങളുടെ അധികാരസ്ഥാനങ്ങളിലെത്തുകയും ചെയ്തിട്ടുണ്ട്. 

Related News