മുറിയില്‍ ഭാര്യയ്ക്കൊപ്പം മറ്റാരോ ഉണ്ടെന്ന് ഭര്‍ത്താവിന് സംശയം; വീഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചു

  • 11/08/2022

കന്യാകുമാരി: വിദേശത്തുള്ള ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യ(33)യാണ് കഴിഞ്ഞ ദിവസം രാത്രി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനവും കാരണം മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കിടപ്പുമുറിയില്‍ ജ്ഞാനഭാഗ്യ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയം കണ്ട ഭര്‍ത്താവ് സെന്തിലാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. സിങ്കപ്പൂരില്‍ ജോലിചെയ്യുന്ന സെന്തിലിന് ഭാര്യയെ സംശയമായിരുന്നു. ഇക്കാരണത്താല്‍ ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി രണ്ട് കുട്ടികളെയും ഉറക്കിയ ശേഷം ജ്ഞാനഭാഗ്യ പതിവു പോലെ സിങ്കപ്പൂരിലുള്ള ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തു. എന്നാല്‍ കോള്‍ ചെയ്യുന്നതിനിടെ ഭാര്യയ്‌ക്കൊപ്പം മറ്റാരോ ഉണ്ടെന്ന് സെന്തില്‍ ആരോപിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിടുകയും ഇതിന് പിന്നാലെ ജ്ഞാനഭാഗ്യ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയുമായിരുന്നു. ഫാനില്‍ സാരി ഉപയോഗിച്ച് കെട്ടിതൂങ്ങിയായിരുന്നു മരണം. 

ഭാര്യ ആത്മഹത്യ ചെയ്യുന്ന ദൃശ്യം വീഡിയോകോളില്‍ കണ്ട സെന്തില്‍ വിവരം ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചു. എന്നാല്‍ വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ കയറിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related News