പട്ടാപ്പകല്‍ ബാങ്കില്‍ ജീവനക്കാരെ ബന്ദികളാക്കി വൻ കവർച്ച; 20 കോടിയോളം വിലമതിക്കുന്ന പണവും സ്വർണവും നഷ്ടമായി

  • 13/08/2022

ചെന്നൈ: ചെന്നൈ നഗരത്തിലെ ബാങ്കിൽ വൻ കവർച്ച. ചെന്നൈ അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ ബന്ദികളാക്കി കത്തിമുനയിൽ മോഷണം നടന്നത്. 20 കോടിയോളം വിലമതിക്കുന്ന പണവും സ്വർണാഭരണങ്ങളും ബാങ്കില്‍ നിന്ന് നഷ്ടമായെന്നാണ് റിപ്പോർട്ട്. 

ശനിയാഴ്ച പകലാണ് സംഭവം ഉണ്ടായത്. മൂന്നംഗ മുഖംമൂടി സംഘം ബാങ്കിനുള്ളിൽ അതിക്രമിച്ചു കയറി‌യ ശേഷം മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയിൽ പൂട്ടിയിട്ടു. പിന്നീട് ലോക്കറിന്റെ താക്കോൽ കൈക്കലാക്കി പണവും സ്വർണവും കവരുകയായിരുന്നു. ബാങ്കിലെ സുരക്ഷാ ജീവനക്കാരനു സംഘം ശീതളപാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കി കിടത്തിയ ശേഷമാണ് കവര്‍ച്ച നടത്തിയത്.  

ജീവനക്കാരെ ബന്ദികളാക്കിയിരിക്കുന്നത് കണ്ട ആളുകളാണ് പോലീസിൽ വിവരം അറിയിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം മോഷ്ടാക്കൾ ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ടു. ബാങ്കിലെ ജീവനക്കാരൻ മുരുകന്റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചതായി പോലീസ് അറിയിച്ചു.

Related News