സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

  • 14/08/2022

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വെച്ച് പൊതുപരിപാടിക്കിടെ കത്തിക്കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി. റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും ഡോക്ടര്‍മാരോട് സംസാരിച്ചതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരും. ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. അറസ്റ്റിലായ യുവാവ് ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറിന്റെ ആരാധകനാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.സാറ്റാനിക് വേഴ്സസ്' എന്ന പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ സല്‍മാന്‍ റുഷ്ദിക്ക് ' ഭീഷണിയുണ്ടായിരുന്നു. 1988ല്‍ ഇറാന്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 കൊല്ലമായി യുഎസിലാണ് താമസിക്കുന്നത്. 1975 ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ പ്രസിദ്ധീകൃതമാകുന്നത്. 1981 ല്‍ പുറത്തിറങ്ങിയ 'മിഡ് നൈറ്റ്സ് ചില്‍ഡ്രന്‍' എന്ന പുസ്തകത്തിന് ബുക്കര്‍ സമ്മാനം ലഭിച്ചു. 'സാറ്റാനിക് വേഴ്സസ്' എന്ന പുസ്തകത്തിന്റെ പേരില്‍ വിമര്‍ശം നേരിട്ട റുഷ്ദി പൊതുവിടങ്ങളില്‍ നിന്ന് മാറി നിന്നിരുന്നു. 90 കളില്‍ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. 2007 ല്‍ സാഹിത്യത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ എലിബസത്ത് രാജ്ഞി അദ്ദേഹത്തിന് 'സര്‍' പദവി നല്‍കി ആദരിച്ചു.

Related News