കുടുംബ കോടതിയിൽ വെച്ച് ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു

  • 14/08/2022

ബെംഗളൂരു: കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗൺസിലിംഗ് സെഷനിൽ പങ്കെടുക്കാൻ എത്തിയ ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തി. കർണാടകയിലാണ് സംഭവം. 32കാരനായ ശിവകുമാറാണ് ഭാര്യ ചൈത്ര(28)യെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവർ കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു. 

ഹാസൻ ജില്ലയിലെ ഹോളനരസിപുര കുടുംബ കോടതിയിൽ ഒരു മണിക്കൂർ കൗൺസിലിങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ശിവകുമാർ ഭാര്യ ചൈത്രയുടെ കഴുത്തറുത്തത്. ശുചിമുറിയിലേക്ക് പോയ ഭാര്യയെ പിന്തുടർന്ന് വെട്ടുകത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. 

ചൈത്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സ്ഥലത്ത് നിന്ന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ കോടതിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ശിവകുമാറിനെതിരെ കൊലപാതകത്തിന് കേസെടുത്തു. കോടതി സമുച്ചയത്തിനുള്ളിൽ ഇയാൾ എങ്ങനെ ആയുധം കടത്തിയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.  

Related News